കൊച്ചി: കനാൽ വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിന് തൃക്കാക്കരയിൽ സർക്കാർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് മേയർ അഡ്വ.എം.അനിൽകുമാർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. കെ.എം.ആർ.എല്ലിന്റെ നേതൃത്വത്തിൽ കോയിത്തറ, രാമേശ്വരം, കനാലുകൾ, ഇടപ്പള്ളി തോട് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തോടിന്റെ ആഴംകൂട്ടി ബോട്ട് ഗതാഗതത്തിന് സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. പ്രവൃത്തികളുടെ ഭാഗമായി പശ്ചിമകൊച്ചി ഉൾപ്പെടെയുള്ള ഭാഗത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സർക്കാർ വീടും സ്ഥലവും നൽകുമെന്ന് മേയർ പറഞ്ഞു.

തമ്മനം പുല്ലേപ്പടി

സർവേ ഉടൻ

കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലായിരുന്ന തമ്മനം പുല്ലേപ്പടി റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തുവെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. കിഫ്‌ബിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കാൻ ശ്രമിച്ചുവെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പൊതുമരാമത്ത് വകുപ്പിന് ഇതുവരെ പദ്ധതി ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. കളക്‌ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയെ തുടന്ന് സർവേ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു. അതേസമയം, മാമംഗലം ഗോശ്രീ റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാക്കും. ഇതിന് മുന്നോടിയായി പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ലൈഫ് പദ്ധതിക്കായി

സ്ഥലം ആവശ്യപ്പെടും

ലൈഫ് പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം വർദ്ധിക്കുമ്പോഴും ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ കോർപ്പറേഷൻ നിസഹായവസ്ഥയിലാണ്. അഞ്ച് ഏക്കർ സ്ഥലം ലഭിച്ചാൽ രണ്ടായിരം വീടുകൾ നിർമ്മിക്കാൻ കഴിയും. ജി.സി.ഡി.എ ഉൾപ്പെടെ വിവിധ ഏജൻസികൾക്ക് നഗരത്തിൽ സ്ഥലം ഉള്ളതിനാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ സഹായം തേടും. പദ്ധതി പൂർത്തീകരിക്കാൻ സ്ഥലം ലഭ്യമാക്കണമെന്ന് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെടും

ബ്രഹ്മപുരത്തെ മാലിന്യം: ബാദ്ധ്യത

ഏറ്റെടുക്കില്ലെന്ന് മേയർ

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ വളം നിർമ്മാണത്തിന് ശേഷം പുറന്തള്ളുന്ന മാലിന്യം (ലെഗസി വേസ്റ്റ്) നീക്കം ചെയ്യുന്നതിനായി കോർപ്പറേഷൻ 54 കോടി രൂപ ചെലവഴിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മേയർ നിഷേധിച്ചു. കഴിഞ്ഞ ആഴ്ച പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായി. പ്ളാന്റ് വളപ്പിൽ കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനായി ടെൻഡർ ചെയ്യുന്ന കാര്യം മുൻ ഭരണസമിതി പരിഗണിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനമായില്ല. ഇക്കാര്യം വീണ്ടും പരിഗണിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ അതിനു മുമ്പായി മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ഇതിനായി ഏരിയൽ സർവേ നടത്തണം. തുകയുടെ കാര്യത്തിലും തീരുമാനമാകണം. കൗൺസിലിന്റെ അനുമതിയില്ലാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കില്ലെന്നും മാലിന്യത്തിന്റെ ബാധ്യത കോർപ്പറേഷൻ ഏറ്റെടുക്കില്ലെന്നും മേയർ വ്യക്തമാക്കി.