തൃക്കാക്കര : കടമ്പ്രയാറിലേക്ക് ഡയിംഗ് യൂണിറ്റിലെ കെമിക്കലുകൾ ഒഴുക്കി വിടുന്നുവെന്ന പരാതിയിൽ ഈമാസം 28 ന് മുമ്പ് നാഷണൽ ഗ്രീൻ ട്രിബ്യുണലിനു റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമ്പാശേരി പഞ്ചായത്തിലെ ആലുങ്കൽകടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉടൻ യോഗം വിളിച്ച ചേർക്കും. ആലുവ എം.എൽ.എ അൻവർ സാദത്താണ് ഈ ആവശ്യം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത് . പദ്ധതിയുടെ ആർ.ആർ പാക്കേജ് തയാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മൂക്കന്നൂർ പഞ്ചായത്തിലെ ഏഴാറ്റുമുഖത്തും സമീപ പ്രദേശങ്ങളിലും വന്യജീവി ആക്രമണം തടയാൻ സംരക്ഷണവേലി ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ചാലക്കുടി ഡി.എഫ്.ഒ പറഞ്ഞു. പ്രദേശത്തെ ജനജാഗ്രതാ സമിതി ഉടൻ വിളിച്ചു ചേർക്കാൻ ആതിരപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇടപ്പള്ളി നോർത്ത് സൗത്ത് വില്ലേജുകളിൽ റെയിൽവെ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് കരം അടക്കുന്നത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കളക്ടർ വ്യക്തമാക്കി.ജില്ലയിൽ വിവിധ വകുപ്പികൾ നടപ്പിലാകുമ്പന പദ്ധതികളുടെ പുരോഗതിയും ഫണ്ട് വിനയോഗവും ജില്ലാ വികസന സമിതി വിലയിരുത്തി. ജില്ലാ കളക്ടർ എസ് സുഹാസിന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.