പറവൂർ: താൻ പറവൂരിലല്ല മത്സരിക്കുന്നത് എന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങർക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പറവൂരിലല്ലാതെ മറ്റൊരിടത്തും മത്സരിക്കില്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പറവൂർ എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. അത് പറിച്ചെടുക്കാൻ കഴിയില്ല. സി.പി.എം സ്ഥാനാർത്ഥിയാണ് പറവൂരിൽ മത്സരിക്കുന്നതെന്ന പ്രചരണത്തിലും ഒരു കാര്യവുമില്ല. എല്ലാ പ്രാവശ്യവും തനിക്കെതിരെ മത്സരിച്ചത് എൽ.ഡി.എഫാണ്. സി.പി.എം വന്നാൽ കൂടുതൽ വോട്ടുകിട്ടുമെന്ന് പറയുന്നതിന്റെ അർത്ഥം കുറേ സി.പി.എമ്മുകാർ സി.പി.ഐക്ക് വോട്ടുചെയ്യാറില്ലെന്നാണ്. അത് അവരുടെ ആഭ്യന്തരകാര്യമാണ്. ആരു മത്സരിച്ചാലും നേരിടാൻ പറവൂരിലെ യു.ഡി.എഫ് സുസജ്ജമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.