
കൊച്ചി: 108 ആംബുലൻസ് കേരളത്തിൽ സർവീസ് നടത്തിയതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ ആരോപിച്ചു. ഇതിനായി കരാർ നൽകിയ കമ്പനിക്ക് 2020 ഫെബ്രുവരി മുതൽ 2020 ഡിസംബർവരെ സർക്കാർ നൽകിയത് 96.6 കോടി രൂപയാണ്. 24 മണിക്കൂർ സർവീസ് നടത്തുന്ന ഒരു ആംബുലൻസിന് 270000 രൂപയും 12 മണിക്കൂർ സർവീസ് നടത്തുന്ന ആംബുലൻസിന് 182700 രൂപയുമാണ് മാസവാടക നൽകുന്നത്. ഒരു കിലോമീറ്ററിന് 224 രൂപ വച്ച് നൽകുമ്പോൾ ആംബുലൻസുകളിൽ വേണ്ട എമർജൻസി മെഡിക്കൽ ടെകനീഷ്യൻമാരെപ്പോലും ഒഴിവാക്കിയിരിക്കുകയാണ്.
ധാരണകളിൽ വീഴ്ചവരുത്തിയാൽ ഒടുക്കേണ്ട പിഴ ഒഴിവാക്കിക്കൊടുത്തതിലും വൻ അഴിമതിയുണ്ട്. ആദ്യഘട്ടത്തിൽ 25.38 കോടിരൂപയും രണ്ടാംഘട്ടത്തിൽ 27.17 കോടിരൂപയുമാണ് കമ്പനിക്ക് പിഴചുമത്തിയത്. എന്നാൽ ഈ പിഴ പൂർണമായും സർക്കാർ ഒഴിവാക്കിക്കൊടുത്തു.
കരാർ അനുസരിച്ച് 315 ആംബുലൻസുകളാണ് ഓടുന്നത്. ഇതിനായി ഒരു മാസം 7,06,45,500 രൂപ കരാർ കമ്പനിക്ക് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ നൽകുകയാണ്. ഇത് വലിയ അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു.