
ആലുവ: തുർക്കിയിലെ ഹാഗിയ സോഫിയ കത്ത്രീഡൽ മുസ്ലീം പള്ളിയാക്കിയ നടപടിയെ പ്രകീർത്തിച്ച ലേഖനമെഴുതിയയാളെ ന്യായീകരിച്ച ചാണ്ടി ഉമ്മന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പഠിക്കാത്ത വിഷയത്തെക്കുറിച്ച് താൻ പ്രതികരിക്കാറില്ല. ആലുവ പാലസിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശേരിയിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് കോൺഗ്രസ് ഘടകകക്ഷികളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാറില്ലെന്നായിരുന്നു മറുപടി. കളമശേരിയിലെ യൂത്ത് കോൺഗ്രസിന്റെ വിയോജിപ്പിനെക്കുറിച്ചും തനിക്കറിയില്ല. പി.എസ്.സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനങ്ങൾ വ്യാപകമായി നടക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലേറിയാൽ നിയമവിരുദ്ധമായി നടത്തിയ നിയമനങ്ങളെല്ലാം റദ്ദാക്കും. വർഗീയത പ്രചരിപ്പിച്ച് തുടർഭരണത്തിനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു.