കൊച്ചി: നടപ്പാത കൈയേറി അനധികൃതമായി നടത്തുന്ന വഴിയോരക്കച്ചവടം ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു .കാൽനടക്കുപോലും സൗകര്യമില്ലാത്തവിധം മാർഗതടസം സൃഷ്ടിച്ച് നിരവധിയാളുകൾ വഴിയോരക്കച്ചവടം നടത്തുകയാണ്. അതിനി ഈ നിലയിൽ മുന്നോട്ട് കൊണ്ടുപോകാനാകില്ല. ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാനാണ് കോർപറേഷൻ തീരുമാനമെന്നും മേയർ അറിയിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും വിധത്തിൽ വഴിയോരക്കച്ചവടക്കാർ നഗരം കൈയ്യടക്കിയെന്നും ഇക്കൂട്ടത്തിൽ മാഫിയ സംഘങ്ങളുണ്ടെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മേയർ.
അടിയന്തരമായി ടൗൺ വെന്റിംഗ് കമ്മിറ്റി പുനഃസംഘടിപ്പിക്കും. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ജനപ്രതിനിധികളെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തും. അർഹരായ കച്ചവടക്കാർക്ക് കോർപ്പറേഷൻ തിരിച്ചറിയൽ കാർഡ് നൽകും. ഇനിമുതൽ കോർപ്പറേഷൻ നിശ്ചയിക്കുന്ന സ്ഥലത്ത് അനുമതിയോടെ മാത്രമേ കച്ചവടം നടത്താൻ അനുവദിക്കുകയുള്ളൂവെന്നും മേയർ പറഞ്ഞു.

മാലിന്യ ശേഖരണത്തിന് ഇനി

താൽക്കാലിക ജീവനക്കാർ
കൊച്ചി: താൽക്കാലിക ജീവനക്കാരെ നിയോഗിച്ച് വീടുകളിൽ നിന്ന് മാലിന്യ ശേഖരണത്തിന് പുതിയ നിർദ്ദേശവുമായി കോർപ്പറേഷൻ. ഓരോവാർഡിലും താൽക്കാലിക ജീവനക്കാരെ വച്ച്, അവർക്ക് നിശ്ചിത തുക നൽകി മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് രൂപം നൽകാനാണ് ആലോചനയെന്ന് മേയർ പറഞ്ഞു. മാലിന്യശേഖരണത്തിന് പല നിരക്കാണ് ഓരോ ഡിവിഷനിലും സ്വീകരിക്കുന്നതെന്നും അത് കൃത്യമായി നടക്കുന്നില്ലെന്നുമുള്ള പ്രതിപക്ഷ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വാർഡ് കമ്മിറ്റിക്കായിരിക്കും ഇതിന്റെ ചുമതല. വീടുകളിൽ നിന്ന് ഫീസിനത്തിൽ വാങ്ങുന്ന തുക വാർഡ് കമ്മിറ്റി ശേഖരിക്കും. അതിൽ നിന്ന് നിശ്ചിത തുക മാലിന്യശേഖരണം നടത്തുന്ന ജീവനക്കാർക്ക് നൽകും. ബാക്കി തുക വാർഡുകളുടെ വികസനത്തിനായി വിനിയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.