കൊച്ചി: കൊച്ചി നഗരത്തെ കൂടുതൽ സ്‌മാർട്ടാക്കാൻ ഒത്തുപിടിച്ചു മുന്നേറാൻ നഗരസഭ തീവ്രശ്രമം ആരംഭിച്ചു. വിവിധ വകുപ്പുകളും ഏജൻസികളും നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങൾക്ക് ഉപകാരപ്രദമായും സമയബന്ധിതമായും പൂർത്തിയാക്കി വിഷമതകൾ ഒഴിവാക്കാനുമാണ് ഏകോപനം ഉറപ്പാക്കുക.
വഴിവാണിഭത്തിന് നയം
കൊച്ചി നഗരത്തിലെ നടപ്പാതകൾ വഴിവാണിഭക്കാരും കടക്കാരും കൈയേറിയത് മൂലവും അനിയന്ത്രിത പാർക്കിംഗ് മൂലവും കാൽനടയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന് വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം തീരുമാനിച്ചു. സ്‌മാർട്ട്സിറ്റി മിഷൻ നവീകരിക്കുന്ന എബ്രഹാം മടമാക്കൽ, ഷൺമുഖം, ഡി.എച്ച് റോഡുകൾ സ്മാർട്ടായി നിലനിൽക്കാൻ നടപ്പാതകളിലെ കൈയേറ്റം അനുവദിക്കില്ല. കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് സ്ട്രീറ്റ് ഹാക്കേഴ്‌സ് നയം രൂപീകരിക്കും. കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും. ഇതിനായി പ്രത്യേക കൗൺസിൽ യോഗം ചേരുമെന്നും കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. റോഡുകളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് കമ്മീഷണറോട് നിർദ്ദേശിച്ചു.
നടപ്പാത കാൽനടക്കാർക്ക്
മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തുടർച്ചയായി പരിശോധന നടത്തും. നടപ്പാതകൾ ഉപയോഗിക്കാൻ കഴിയാത്ത വിധം അപകടകരമായ രീതിയിൽ കേബിളുകൾ കുരുങ്ങിക്കിടക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. കോർപ്പറേഷൻ, കെ.എം.ആർ.എൽ, സ്മാർട്ട് സിറ്റി, പി.ഡബ്ല്യു.ഡി, പൊലീസ് എന്നിവരുടെ സഹകരണത്തോടെ കേബിളുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും.
നഗരത്തിലെ തെരുവ് വിളക്കുകൾ പ്രവർത്തിക്കാത്തത് മൂലം രാത്രികാല പെട്രോളിംഗിനും തടസം നേരിടുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു പറഞ്ഞു. ഏതൊക്കെ പ്രദേശങ്ങളിലെ തെരുവ് വിളക്കുകളാണ് പ്രവർത്തിക്കാത്തതെന്ന റിപ്പോർട്ട് ട്രാഫിക്ക് പൊലീസ് തയ്യാറാക്കും.
വെള്ളക്കെട്ടിന് ആശ്വാസം
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കുറവ് വരുത്താൻ സാധിച്ചെന്ന് യോഗം വിലയിരുത്തി. സ്മാർട്ട് സിറ്റി പദ്ധതിയിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടാത്ത പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതിയ ശുപാർശ നൽകുമെന്ന് മേയർ പറഞ്ഞു. കൊച്ചി നഗരത്തിന്റെ വികസനവുമായി ബന്ധപെട്ടു സ്‌മാർട്ട് സിറ്റി പദ്ധതികളുടെ നിർമ്മാണ പുരോഗതിയും യോഗം വിലയിരുത്തി.
കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തിൽ കെ.എം.ആർ.എൽ, സ്മാർട്ട് സിറ്റി, പി.ഡബ്ല്യു.ഡി, പൊലീസ്, കെ.എസ്.ഇ.ബി പ്രതിനിധികൾ, കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു തുടങ്ങിയവർ പങ്കെടുത്തു.