covid

കൊച്ചി: കൊവിഡ് മുക്തർ വർദ്ധിച്ചെങ്കിലും രോഗികളുടെ എണ്ണത്തിൽ എറണാകുളം ജില്ലയിൽ കുറവുണ്ടാകുന്നില്ല. സ്ഥിതി തുടർന്നാൽ കടുത്ത നടപടികളിലേക്ക് പോകാൻ ജില്ലാ ഭരണകൂടവും പൊലീസും നീക്കം തുടങ്ങി. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം കൊവിഡ് രോഗികൾ ഇപ്പോൾ എറണാകുളത്താണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,238 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,612 പേർ രോഗമുക്തി നേടുകയും ചെയ്തു. ശനിയാഴ്ചത്തെ കണക്കു പ്രകാരം 10,620 പേരാണ് ചികിത്സയിൽ. ഇതിൽ 8,340 പേരും വീടുകളിലാണ്. 24,380 പേർ നിരീക്ഷണത്തിലുമുണ്ട്.

പ്രോട്ടോക്കോൾ പാലിക്കുന്നില്ല

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതാണ് രോഗികൾ വർദ്ധിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനജീവിതം സാധാരണനിലയിലെത്തിയ സ്ഥിതിയാണ്. മാസ്ക് ധരിക്കുന്നുണ്ടെങ്കിലും മറ്റു നിർദ്ദേശങ്ങൾ വ്യാപകമായി ലംഘിക്കുന്നു.

പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം പതിവാണ്. കടകൾക്ക് മുതൽ ഷോപ്പിംഗ് മാളുകൾക്ക് വരെ നിയന്ത്രങ്ങൾ പൂർണമായി പാലിക്കാൻ കഴിയുന്നില്ല. സാമൂഹ്യ അകലം പാലിക്കാൻ കഴിയാത്തതാണ് രോഗം പെരുകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

നടപടികൾ കുറവ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം പിടികൂടാൻ പൊലീസ് നടപടികൾ കൂടുതൽ കർശനമാക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം ജില്ലയിൽ 56 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 39 പേർ അറസ്റ്റിലായി. ഒരു വാഹനം കസ്റ്റഡിയിലെടുത്തു. രോഗം കുറവ് രേഖപ്പെടുത്തുന്ന തിരുവനന്തപുരം ജില്ലയിൽ അന്ന് 289 കേസുകളും 120 അറസ്റ്റും 7 വാഹനങ്ങളുടെ കസ്റ്റഡിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കൊവിഡ് രോഗബാധിതരെ കണ്ടെത്താൻ സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ നടത്തിയ സർവേയിൽ എറണാകുളവുമുണ്ട്. റിപ്പോർട്ട് പ്രകാരം കേരളത്തിൽ 11.6 ശതമാനം പേരാണ് കൊവിഡ് ബാധിച്ച് ഭേദമായത്. ദേശീയ ശരാശരി 21 ശതമാനമാണ്.

മാസ്ക് ധരിക്കുകയും സാമൂഹികാകലം പാലക്കുകയും കൈകൾ ശുചിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ആരോഗ്യ അധികൃതർ പറയുന്നു.

കഴിഞ്ഞയാഴ്ച കണക്ക്

ദിനം, രോഗികൾ, മുക്തർ

ഞായർ 743 , 725

തിങ്കൾ 424 , 908

ചൊവ്വ 755 ,667

ബുധൻ 871, 909

വ്യാഴം 833, 911

വെള്ളി 714, 802

ശനി 898, 690

ആകെ 5,238 , 5,612