പറവൂർ: ഏഴിക്കര പഞ്ചായത്തിലെ ലങ്കാ പാലം പുനർനിർമ്മിക്കുന്നു. എം.എൽ.എ യുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തിയാണ് പുനർനിർമ്മിക്കുന്നത്. 93 ലക്ഷം രൂപക്കുള്ള ഭരണാനുമതി ലഭിച്ചതായി വി.ഡി.സതീശൻ എം.എൽ.എ അറിയിച്ചു. ലങ്കാ നടപ്പാലം കാലപ്പഴക്കം മൂലം കേടുവന്ന് സഞ്ചാരയോഗ്യമല്ലാതായി തീർന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സർക്കാരിൽ നിന്നും തുക ലഭ്യമാകാതിരുന്നതിനെ തുടർന്നാണ് ഈ വർഷത്തെ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി തുക അനുവദിപ്പിച്ചത്. നിലവിൽ 2.50 മീറ്റർ വീതിയുള്ള പാലം പൊളിച്ചുമാറ്റി നാല് മീറ്റർ വീതിയിൽ പൈൽ ഫൗണ്ടേഷനിൽ ബീം സ്ളാബ് മാത്രമയിയാണ് പാലം നിർമ്മിക്കുന്നത്. മേജർ ഇറിഗേഷൻ വകുപ്പിനാണ് പാലത്തിന്റെ നിർമ്മാണ ചുമതല. സാങ്കേതികാനുമതി ലഭിച്ച ശേഷം ടെൻറർ നടപടികൾ പൂർത്തിയാക്കി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു.