
കൊച്ചി : നഗരത്തിലെ റോഡുകൾ വൃത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. മഞ്ജീരം ഹോളിസ്റ്റിക് സെന്ററിൽ പുതുജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ റോഡുകളും ബീച്ചുകളും ശുചീകരിക്കുന്നതിന്റെ ഉത്തരവാദിത്വം നാവികസേന ഏറ്റെടുത്തിട്ടുണ്ട്. എല്ലാ ഡിവിഷനുകളിലേയും റോഡുകൾ വൃത്തിയാക്കുന്നതിനും ഹരിതവത്കരിക്കുന്നതിനും റെസിഡൻസ് അസോസിയേഷനുകളെ ചുമതലപ്പെടുത്തും. ഇതിനായി ഡിവിഷനുകൾ തമ്മിൽ മത്സരം സംഘടിപ്പിക്കും. നഗര ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും മേയർ പറഞ്ഞു. റെസിഡൻസ് അസോസിയേഷനുകൾക്കുള്ള സൗജന്യ മാസ്‌ക്, സാനിറ്റൈസർ വിതരണവും മേയർ നിർവഹിച്ചു. വി.രാഘവൻ അധ്യക്ഷത വഹിച്ചു. മഞ്ജീരം ഹോളിസ്റ്റിക് സെന്റർ ഡയറക്ടർ ജോസ് ജേക്കബ്, ടി.വി പുരം രാജു, സാബു വടുതല, ലെൻസൺ എന്നിവർ സംസാരിച്ചു.