
കൊച്ചി: കേരളത്തിലെ ചടങ്ങിൽ എത്താതിരുന്നത് സംഘാടകന്റെ വീഴ്ചകൊണ്ടാണെന്ന് സണ്ണി ലിയോൺ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി കളവാണെന്ന് പെരുമ്പാവൂർ സ്വദേശി ഷിയാസ്.
ഷിയാസ് ഇവന്റ് കോ ഓർഡിനേറ്ററായി 2018ൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും, അതു മുടങ്ങിയതിനാൽ 2019ൽ അങ്കമാലി കൺവെൻഷൻ സെന്ററിലും സംഘടിപ്പിച്ച ആഘോഷത്തിലാണ് സണ്ണി ലിയോൺ എത്താതിരുന്നത്. ഇതിന്റെ പേരിൽ 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഷിയാസ് പൊലീസിൽ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിംഗിനെത്തിയ സണ്ണി ലിയോണിനെ തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.
2019 വാലന്റൈൻസ് ദിനത്തിൽ നിശ്ചയിച്ച അങ്കമാലിയിലെ പരിപാടിയിൽ നിന്ന് തലേന്നാണ് നടി പിന്മാറിയതെന്ന് ഷിയാസ് പറഞ്ഞു. രാത്രി 9ന് പണം കൈപ്പറ്റിയശേഷം 11.20 ന് പിന്മാറുന്നതായി അറിയിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ പരിപാടി നടക്കാത്തതിനാൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായി. പരിപാടി ആസൂത്രണം ചെയ്ത സംരംഭക ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടബാദ്ധ്യതകൾ മൂലം താൻ ജപ്തിഭീഷണിയിലാണ്.
തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 2018 മേയ് 26 ന് നിശ്ചയിച്ച പരിപാടി മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് മാറ്റിവച്ചത്. പ്രളയം മൂലം പരിപാടി നടത്താൻ കഴിഞ്ഞില്ല. തുടർന്നാണ് അങ്കമാലിയിലെ കൺവൻഷൻ സെന്ററിൽ വാലന്റൈൻസ് ദിനത്തിൽ പരിപാടി നിശ്ചയിച്ചത്. ഹോളിവുഡ് താരങ്ങളെ ഉൾപ്പെടെ കൊച്ചിയിലെത്തിച്ചു. 30 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്. പ്രളയം മൂലം 25 ലക്ഷമാക്കാമെന്ന് സമ്മതിച്ചു. പരിപാടിക്ക് തലേന്ന് 30 ലക്ഷം ആവശ്യപ്പെട്ടു. അഞ്ചു ലക്ഷം രൂപ സണ്ണിയുടെ മാനേജരുടെ അക്കൗണ്ടിൽ നൽകി. എന്നിട്ടും കാരണം പറയാതെ പിന്മാറിയെന്ന് ഷിയാസ് പറഞ്ഞു.
അഞ്ചുതവണ ഡേറ്റ് നൽകിയെങ്കിലും ആ ദിവസങ്ങളിൽ ചടങ്ങ് നടത്താൻ പരാതിക്കാരന് സാധിച്ചില്ലെന്നു മൊഴി നൽകിയ നടി, പണം വാങ്ങിയതുകൊണ്ട് മറ്റൊരുദിവസം പരിപാടിയിൽ പങ്കെടുക്കാമെന്ന് പൊലീസിനോട് പറഞ്ഞു.