
കൊച്ചി: മെട്രോ റെയിൽ കാക്കനാട്ടേയ്ക്ക് നീട്ടുമ്പോൾ കടകൾ നഷ്ടമാകുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യപാപരി വ്യവസായി ഏകോപന സമിതിയുടെ വിവിധ യൂണിറ്റുകൾ സംയുക്തമായി നാളെ കടയടപ്പ് സമരം നടത്തും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് കടകൾ അടയ്ക്കുന്നത്. വാഴക്കാല, പാലാരിവട്ടം, പാടിവട്ടം, കാക്കനാട് യൂണിറ്റുകളും, മെട്രോ ആക്ഷൻ കൗൺസിലും, കെട്ടിട സ്ഥലമുടമകളും സംയുക്തമായി ചെമ്പുമുക്കിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി ആക്ഷൻ കൗൺസിൽ ചെയർമാനും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റുമായ ടി.ബി.നാസർ നയിക്കും. വാഴക്കാല യൂണിറ്റ് പ്രസിഡന്റ് കെ.വി ജോയി ഫ്ലാഗ് ഓഫ് ചെയ്യും. 11 മണിയോടെ കളക്ടറേറ്റ് പടിക്കൽ നടക്കുന്ന പ്രതിഷേധ യോഗം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം യൂണിറ്റ് പ്രസിഡന്റ് സി.എസ്. രാമചന്ദ്രൻ , പാടിവട്ടം യൂണിറ്റ് പ്രസിഡന്റ് സാഗർ, കാക്കനാട് യൂണിറ്റ് പ്രസിഡന്റ് അസീസ് മൂലയിൽ, വ്യാപാരി വ്യവസായി ജില്ലാ, മേഖലാ യൂണിറ്റ് ഭാരവാഹികൾ, മെമ്പർമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും പ്രതിഷേധ റാലിയിലും യോഗത്തിലും പങ്കെടുക്കും. ഈ മാസം 11,12 തീയതികളിൽ വാഴക്കാല യൂത്ത് വിംഗ് യൂണിറ്റിന്റേയും, വനിതാ വിംഗിന്റേയും നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിരാഹാര സമരവും നടത്തും.