പറവൂർ: ജൈവകർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് കൃഷിവകുപ്പ് നൽകുന്ന ജൈവ കർഷിക പഞ്ചായത്തിനുള്ള ഏഴ് പുരസ്കാരങ്ങൾ വടക്കേക്കര ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തീരദേശ പ്രദേശമായ വടക്കേക്കര പഞ്ചായത്ത് കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ ഇടം പിടിച്ചു. ജൈവകർഷിക രംഗത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് നിരവധി പുരസ്കാരം വടക്കേക്കരയെ തേടിയെത്തുന്നത്. കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നീ മേഖലകളിൽ ജൈവീക ഇടപെടലുകൾ നടത്തിയും ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി വടക്കേക്കര മുന്നേറുന്നത്. വടക്കേക്കര പഞ്ചായത്തും കൃഷിഭവനും മൃഗാശുപത്രിയും ഫിഷറീസ് വകുപ്പും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൈകോർത്തപ്പോൾ നേട്ടങ്ങളുണ്ടായത്. തരിശുരഹിത ഗ്രാമം എന്ന ലക്ഷ്യം കൈവരിച്ച ജില്ലയിലെ ആദ്യ പഞ്ചായത്താണ് വടക്കേക്കര.
മികച്ച കൃഷി അസിസ്റ്റന്റ് എസ്. ഷിനു
കൃഷിവിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റായി ഒന്നാം സ്ഥാനം എസ്. ഷിനു, ജില്ലയിലെ മികച്ച വിദ്യാർത്ഥി കർഷകരായി ഒന്നാം സ്ഥാനം കൃഷ്ണ തീർത്ഥ പ്ലാശ്ശേരിൽ, രണ്ടാം സ്ഥാനം കെ.ആർ. അർജ്ജുൻ കൃഷ്ണ, ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം രണ്ടാംസ്ഥാനം കൊട്ടുവള്ളിക്കാവ് എസ്.എൻ.എം ഗവ. എൽ.പി സ്കൂൾ, വിദ്യാലയങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പികുന്നതിനുള്ള മികച്ച സ്ഥാപന മേധാവിക്കുള്ള പുരസ്കാരം ഒന്നാം സ്ഥാനം പി.ജെ. വോൾഗ (എസ്.എൻ.എം ഗവ. എൽ.പി. സ്കൂൾ കൊട്ടുവള്ളിക്കാട്), മികച്ച അദ്ധ്യാപകർക്കുള്ള പുരസ്‌കാരം രണ്ടാംസ്ഥാനം പി.വി. മീനാകുമാരി (എസ്.എൻ.എം ഗവ. എൽ.പി സ്കൂൾ, കൊട്ടുവള്ളിക്കാട്), എന്നീ പുരസ്കാരങ്ങളാണ് ലഭിച്ചത്.