ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കഴിഞ്ഞ വർഷത്തെ സംസ്ഥാന കായകൽപ്പ് അവാർഡ് ലഭിച്ചു. 50,000 രൂപയാണ് അവാർഡ് തുക. മന്ത്രി കെ.കെ. ശൈലജയാണ് പ്രഖ്യാപനം നടത്തിയത്.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി) സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിയന്ത്രണ കമ്മിറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തിരിക്കുന്നത്.
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്ററായി തിരിച്ചാണ് അവാർഡ് നൽകിയത്. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപ വീതവും ജില്ലയിൽ തന്നെ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 50,000 രൂപ വീതവും അവാർഡ് തുക ലഭിക്കുന്നതാണ്.