
പെരുമ്പാവൂർ: ഒറ്റ ഫോൺകാൾ മാത്രം മതി. വീട്ടുമറ്റത്ത് ഇരുന്ന് കാണാം പ്രൊഫഷണൽ നാടകം. ടിവിയിലോ മൊബൈലിലോ അല്ല കേട്ടോ . സ്റ്റേജിലെ ലൈവ് നാടകം ! ഇതെങ്ങിനെ എന്നല്ലേ ? കൊവിഡ് മഹാമാരിയിൽ നിന്നും കരകയറാൻ പെരുമ്പാവൂരിലെ ഒരു സംഘം നാടക പ്രവർത്തകർ ( ചേലാമറ്റം സമർപ്പിത നാടക സംഘം) അവതരിപ്പിച്ചിരിക്കുന്ന പുതിയ സംവിധാനമാണിത്. വീട്ടുമുറ്റത്ത് നാടകം.
ആവശ്യപ്രകാരം ഒരു പ്രദേശത്തെ വീട്ടിൽ സ്റ്റേജ് ഒരുക്കി നാടകം അവതരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. കൊവിഡിനെ തുടർന്ന് വേദി നഷ്ടപ്പെട്ട നാടക രംഗത്ത് സജീവമായ ഏഴോളം കലാകാരന്മാരാണ് ഇതിനു പിന്നിൽ. കഴിഞ്ഞ ദിവസം നാടകത്തിന്റെ ഫൈനൽ റിഹേഴ്സൽ വീട്ട് മുറ്റത്ത് അവതരിപ്പിച്ചാണ് സംഘം ഈ രംഗത്തേക്ക് ആദ്യ ചുവട് വച്ചത്.
പുഴയോരഴകുള്ളപെണ്ണ് എന്ന നാടകമാണ് ചേലാമറ്റത്തെ വീട്ടുമറ്റത് അവതരിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇരിപ്പിടമടക്കം സജ്ജീകരിച്ചിരുന്നത്. ആസാദ് മൂവാറ്റുപുഴ നായകനും ടിഷാമോൾ നായികയുമായി എത്തുന്ന നാടകം വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് പറയുന്നത്. ആദ്യാവതരണത്തിന്റെ ഉദ്ഘാടനം കലാ സഘാടകനായ ഷാജി സരിഗ നിർവഹിച്ചു. ഒക്കൽ പഞ്ചായത്ത് അംഗം എൻ.ഒ. സൈജൻ, സഹകരണ ബാങ്ക് ബോർഡ് അംഗം ഗൗരീശങ്കർ, പ്രസാദ് തോഴേലി തുടങ്ങിയവർ സംസാരിച്ചു.
കൊവിഡിനെ തുടർന്ന് നാടകങ്ങൾക്ക് വേദി കിട്ടാത്ത സാഹചര്യമായെന്നും അതേതുടർന്നാണ് ഇത്തരമൊരു രീതി പരീക്ഷിക്കുന്നതെന്നും ചേലാമറ്റം സമർപ്പിത നാടക സംഘം പ്രവർത്തകർ പറഞ്ഞു. വീട്ടുമുറ്റത്തെ നാടകം ആ പ്രദേശത്തെ ആളുകൾക്ക് നാടകം ആസ്വദിക്കാനുള്ള അവസരം നൽകും. നാട്ടിൻ പുറങ്ങളിലെ കൂട്ടായ്മകൾക്കും ഇത് പ്രയോജനപ്പെടുത്താനാകും. നാടകത്തെ ഉയർത്തിക്കൊണ്ടുവരാനും ഇതിലൂടെ കഴിയുമെന്ന് നാടകസംഘം പ്രവർത്തകർ പങ്കുവച്ചു.