മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ.മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ് ഇ വിഭാഗത്തിന് നിർമ്മിച്ച പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി.എൽദോസ് നിർവഹിച്ചു. വൈസ്‌ചെയർപേഴ്‌സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് കണ്ണാത്തുകുഴി, പി.എം.അബ്ദുൽ സലാം, നിസ അഷറഫ്, അജി മുണ്ടാട്ട്, വിഎച്ച്.എസ്ഇ എറണാകുളം മേഖല അസിസ്റ്റന്റ് ഡയറക്ടർ ലിജി ജോസഫ്, ഡാൽമിയ തങ്കപ്പൻ, കെ.കെ.അജിതകുമാരി, രാജൻ ബാബു,പ്രിൻസിപ്പൽ സി.ജെ.ശാലിനി,വിജി.പി.എൻ. എന്നിവർ സംസാരിച്ചു. കൗൺസിലർ ജിനു ആന്റണി, പിടിഎ പ്രസിഡന്റ് സെബി പൂവൻ, ജോഷി വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പുതിയ മന്ദിരം നിർമിക്കുന്നതിന് വൊക്കേഷണൽ ഹയർസെക്കൻഡറി വകുപ്പിൽ പ്ലാൻ ഫണ്ടിൽ നിന്നും 1.36കോടി രൂപയാണ് അനുവദിച്ചത്. നാല് നിലകളിലായി 7500ഓളം സ്‌ക്വയർഫീറ്റ് വരുന്ന മന്ദിരമാണ് നിർമ്മാണം പൂർത്തിയാക്കിയത്. നാല് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, ഒരു സ്റ്റാഫ് റൂം, രണ്ട് ലാബ് റൂമുകൾ, ബാത്ത് റൂമുകൾ, മിനി ഓഡിറ്റോറിയം എന്നിവയാണ് പുതിയ മന്ദിരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
1983-84 വർഷത്തിൽ മൂവാറ്റുപുഴ ശിവൻകുന്ന് സ്‌കൂളിലാണ് മൂവാറ്റുപുഴ വി.എച്ച്.എസ്.എസ് പ്രവർത്തനം ആരംഭിക്കുന്നത്. 1991-92 കലയളവിൽ മൂവാറ്റുപുഴ മോഡൽ സ്‌കൂളിലേക്ക് വി.എച്ച്.എസ്.എസ്.മാറ്റി സ്ഥാപിക്കുകയായിരുന്നു. വി.എച്ച്.എസ്.എസിന്റെ മൂന്ന് കോഴ്‌സുകളാണ് ഇവിടെയുള്ളത്. അഗ്രികൾച്ചറൽ വിഭാഗത്തിൽ രണ്ടും, ലൈവ് സ്റ്റോക്ക് മനേജ്‌മെന്റിലെ ഒരു കോഴ്‌സുമാണുള്ളത്. ഫസ്റ്റ് ഇയറിലേയും, സെക്കൻഡ് ഇയറിലേയുമായി 148വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് സ്വന്തമായി കെട്ടിടം എന്ന സ്വപ്‌നമാണ് യാഥാർത്ഥ്യമായത്.