പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ വടക്കാംപിള്ളി, ഏമ്പക്കോട് , കപ്രിയ്ക്കാട്, ആലാട്ടുചിറ, താളിപ്പാറ, നെടുമ്പാറ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. സാധാരണക്കാരായ കർഷകരുടെ കാർഷിക വിളകൾ വ്യാപകമായി പന്നി നശിപ്പിച്ചിട്ടും വനം വകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് കർഷകർ പറയുന്നു. നെല്ല്, ചേന, ചേമ്പ് ,കപ്പ , കൂർക്ക, വാഴ, എന്നിവയെല്ലാം കാട്ടുപന്നി നശിപ്പിക്കുകയാണ്. ജനവാസ മേഖലയക്ക് അടുത്തുള്ള തേക്ക് പ്ലാന്റേഷനിൽ നിന്നാണ് പന്നികൾ കൂട്ടമായി കൃഷിയിടത്തിലെത്തുന്നത്. വർഷങ്ങളായി വനത്തിലെ അടിക്കാടുകൾ വെട്ടിമാറ്റാത്തതും പന്നി പെരുകാൻ കാരണമായി. ഇങ്ങനെ നിരന്തര ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ സമയ പരിധി അവസാനിക്കാറായിട്ടും ഒരു പന്നിയെപ്പോലും വെടിവയ്ക്കാൻ വനം വകുപ്പ് നടപടിയെടുത്തിട്ടില്ല. ശല്യക്കാരായ കാട്ട് പന്നികളെ വെടിവയ്ക്കുന്നതിനായി ഓരോ ഡിവിഷനിലും പ്രത്യേക കർമ്മസേന രൂപീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവ് നൽകിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിയമസഭയിൽ പറഞ്ഞിരുന്നു. ഇത് പ്രകാരം അതത് ഡിവിഷനുകളിൽ രൂപീകരിക്കുന്ന കർമ്മസേനയ്ക്ക് ജനജാഗ്രതാ സമിതിയുടെ ശുപാർശ പ്രകാരമോ അല്ലാതെയോ കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയിൽ 24 മണിക്കൂറിനകം തീർപ്പ് കൽപ്പിക്കണമെന്ന് ജനുവരി 11 ന് ഇറങ്ങിയ വനം വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നിരവധി പരാതികളാണ് ഇക്കാര്യത്തിൽ വനം വകുപ്പിന് നൽകിയത്.
വീണ്ടും പരാതി നൽകി
ലൈസൻസുള്ളയാൾക്ക് വെടിവയ്ക്കാൻ അനുമതി നൽകാൻ വനം വകുപ്പ് തയ്യാറാണെങ്കിലും പ്രാദേശികമായി ലൈസൻസ് ഉള്ള തോക്കുള്ളയാളെ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ വനം വകുപ്പ് നേരിട്ട് ശല്യക്കാരായ പന്നികളെ വെടിവച്ച് കൊല്ലണമെന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനു അബീഷ് , ഗ്രാമ പഞ്ചായത്തംഗം സിനി എൽദോ കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറി എം.പി. പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി അഡ്വ.രാജു , മലയാറ്റൂർ ഡി.എഫ്.ഒ എന്നിവർക്ക് ഇക്കാര്യ മുന്നയിച്ച് വീണ്ടും പരാതി നൽകിയതായും ഇവർ അറിയിച്ചു.