മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ കടാതിയിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീ പിടിത്തം. നഗരസഭയിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കടാതി വളക്കുഴിയിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലാണ് ഇന്നലെ വൈകിട്ട് 5.30ഓടെ വൻ തീപിടുത്തമുണ്ടായത്. തീയും കറുത്ത പുകയും ആകാശത്തേയ്ക്ക് ഉയരാൻ തുടങ്ങിയതോടെ പ്രദേശവാസികളാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്. മൂവാറ്റുപുഴയിൽ നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്‌സിന്റെ വാഹനത്തിനും തീപിടുത്തമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് ഫയർഫോഴ്‌സ് വാഹനത്തിന് തീപിടിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. കനത്ത പുക പ്രദേശത്ത് പരന്നതോടെ പരിസരവാസികൾ വീടൊഴിഞ്ഞ് ബന്ധു വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. എങ്ങനെയാണ് തീ പടർന്ന് പിടിച്ചതെന്ന് വ്യക്തമല്ല. നഗരസഭയിലെ മാലിന്യങ്ങൾ നിക്ഷേപകേന്ദ്രമാണിത്. വേനലായതിനാൽ മാലിന്യം ഉണങ്ങി കിടക്കുകയായിരുന്നു. ഇതാണ് തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ സെക്യൂരിറ്റിയില്ലാത്തതിനാൽ തീപടർന്ന് പിടിച്ചതിന് ശേഷമാണ് പ്രദേശവാസികൾക്ക് അറിയാനായത്. രാത്രി വൈകിയും ഫയർഫോഴ്‌സും നാട്ടുകാരും വെള്ളം പമ്പ് ചെയ്തും ജെ.സി.ബി.ഉപയോഗിച്ചു തീയണക്കാനുള്ള ശ്രമിച്ചു.