mm-mani

കൊച്ചി: ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രസരണനഷ്ടവും കുറയ്ക്കുകയാണ് സർക്കാരിന്റെ ഊ‌ർജനയമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. എറണാകുളം കലൂരിൽ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ 220 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അടുത്ത 25 വർഷത്തേക്ക് ഇടതടവില്ലാതെ വൈദ്യുതിവിതരണം ചെയ്യുന്നതിനുള്ള പ്രസരണശൃംഖല കെട്ടിപ്പടുക്കാൻ കിഫ്ബി വഴി ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി നടപ്പാക്കിവരികയാണ്.

പുതിയ ജലവൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ കഴിയില്ല. നിർമാണം നടക്കുന്ന പദ്ധതികൾ അതിവേഗം പൂർത്തിയാക്കുകയും ഇടുക്കിയിൽ രണ്ടാം നിലയം സ്ഥാപിക്കുകയും ചെയ്യും. രണ്ടാം നിലയിത്തിന്റെ സാദ്ധ്യതാപഠനം നടക്കുകയാണ്. തരിശുഭൂമിയിലും അണക്കെട്ടുകളിലും (ഫ്ലോട്ടിംഗ് പ്ലാന്റ്), റൂഫ് ടോപ്പുകളിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം. സംരംഭത്തിൽ സ്വകാര്യ വ്യക്തികൾക്കും പങ്കാളികളാകാം. സ്വന്തം ചെലവിൽ വൈദ്യുതി ഉത്പാദിപ്പിച്ചാൽ വില നൽകി ഏറ്റെടുക്കും.