
കൊച്ചി: ദേശീയപാതയിൽ തൃശൂർ -വടക്കുഞ്ചേരി പാതയിലെ കുതിരാൻ തുരങ്കത്തിൽ വലതുവശത്തെ ടണലിന്റെ നിർമ്മാണം മാർച്ച് 31നു പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറുമെന്ന് കരാറുകാരായ തൃശൂർ എക്‌സ്‌പ്രസ് വേ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചു. അതുവഴി ഗതാഗതം തിരിച്ചുവിട്ടാലേ അടുത്ത ടണലിന്റെ പണി നടത്താൻ കഴിയൂവെന്ന് കമ്പനി വിശദീകരിച്ചു. എന്നാൽ, ഒരു ടണലിന്റെ നിർമ്മാണം പൂർത്തിയാക്കിയാലും സുരക്ഷാപരിശോധന നടത്തിയശേഷമേ ഗതാഗതം അനുവദിക്കൂയെന്നും അതിന്റെ സമയപരിധി പറയാനാകില്ലെന്നും ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു.
ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം ദേശീയ പാത അതോറിറ്റി നിയോഗിച്ച ഐ.ഐ.ടിയിലെ വിദഗ്ദ്ധനായ ഡോ. ശിവകുമാർ ബാബു തുരങ്ക പാതയുടെ സുരക്ഷ സംബന്ധിച്ച് കരട് റിപ്പോർട്ട് നൽകിയെങ്കിലും വിശദ റിപ്പോർട്ട് തയ്യാറാക്കാൻ കൂടുതൽ പരിശോധന അനിവാര്യമാണ്. കരട് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ദേശീയപാത അതോറിറ്റി സമയം തേടിയതിനാൽ ഹർജികൾ ഫെബ്രുവരി 26ലേക്ക് മാറ്റി.
കുതിരാനിലെ യാത്രാദുരിതം പരിഹരിക്കമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജനും ഷാജി ജെ. കോടങ്കണ്ടത്തും നൽകിയ ഹർജികളാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്.