കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ ഭരണകക്ഷി അംഗങ്ങൾ രംഗത്ത്. എം.എ.നൗഷാദ് (സി.പി.ഐ), കെ.കെ.ജയപ്രകാശ് (എൻ.സി.പി), അലോഷ്യസ് കൊള്ളന്നൂർ (ജെ.ഡി.എസ് ), .ടി.സി. കുഞ്ഞുമോൻ (കോൺ.എസ്) എന്നിവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചേർന്ന ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി യോഗത്തിൽ മുഴുവൻ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി മതിയെന്ന് ജില്ലാ കളക്ടറടക്കം തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തെെ മറികടന്ന് ഇന്ന് നടത്തുന്ന അഭിമുഖം ചിലർക്ക് കോഴ കൈപ്പറ്റാനുള്ള മാർഗമാക്കിയിരിക്കുകയാണെന്നാണ് ആരോപണം. ഇടതുപക്ഷ സർക്കാരിന് അവമതിപ്പ് സൃഷ്ടിക്കുന്നതാണ് ഇവരുടെ നടപടികളെന്ന് സി.പി.ഐ വെസ്റ്റ് ലോക്കൽ സെക്രട്ടറി കൂടിയായ നൗഷാദ് പറഞ്ഞു. മെഡിക്കൽ കോളേജിൽ നടന്നിട്ടുള്ള നിയമനങ്ങളെക്കുറിച്ചും പർച്ചെയ്സുകളെ കുറിച്ചും വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.