കൊച്ചി: കാലടി മാണിക്യമംഗലത്ത് ശിശുക്ഷേമ സമിതി ഏറ്റെടുത്ത 14 വയസുള്ള പെൺകുട്ടി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.പി.എം.എസ് ഫെബ്രുവരി 11 ന് കളക്ടറേറ്റ് ധർണ നടത്തും. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ജനുവരി 11ന് ന്യുമോണിയ ബാധിച്ച് കുട്ടി മരിക്കുമ്പോൾ കഫർണാം എന്ന സ്വകാര്യസ്ഥാപനത്തിന്റെ സംരക്ഷണയിലായിരുന്നു. 2019 ജൂലായ് 18നാണ് ശിശുക്ഷേമ സമിതി രക്ഷിതാക്കളിൽ നിന്ന് കുട്ടിയെ ഏറ്റെടുത്തത്. കുട്ടിയെ സ്വകാര്യസ്ഥാപനത്തിന് കെെമാറിയപ്പോൾ രക്ഷിതാക്കളെ അറിയിച്ചില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശാരീരികപീഢനത്തിനും ലെെംഗീക അതിക്രമണത്തിനും ഇരയായിട്ടുണ്ടെന്ന് വ്യക്തമാണെന്നും കെ.പി.വെെ.എം ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലി പറഞ്ഞു. കെ.പി.എം.എസ് ജില്ലാ സെക്രട്ടറി സി.എസ്. മനോഹരൻ, കെ.പി.എം.എസ് ജില്ലാ ഖജാൻജി വി.കെ. കുട്ടപ്പൻ, കെ.പി.എം.എഫ് ജില്ലാ സെക്രട്ടറി ബിന്ദു ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.