
കളമശേരി: മലയാളികളിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത ഇരട്ട സംവിധായകരിലൊരാളായ മെക്കാർട്ടിൻ ചിരിയുടെ അടുത്ത അമിട്ട് പൊട്ടിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ സിനിമയുടെ അണിയറ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ബാക്കി സസ്പെൻസ് എന്ന് സംവിധായകൻ.
രസകരമായ സിനിമ പോലെ തന്നെയാണ് മെക്കാർട്ടിന്റെ ജീവിതവും. പതിറ്റാണ്ടുകൾക്കു മുമ്പ് ഫാക്ട് എന്ന വ്യവസായ ശാലക്ക് തറക്കല്ലിടാൻ വന്ന സായ്പിന്റെ പേരായിരുന്നു മെക്കാർട്ടിൻ. ആ പേര് ഇഷ്ടപ്പെട്ട പിതാവ് മകനെ മെക്കാർട്ടിനാക്കി. മാമോദീസ മുങ്ങുമ്പോൾ പ്രശ്നമായി. വിശുദ്ധന്റെ പേര് വേണം. അങ്ങനെ ജോൺ കൂട്ടിച്ചേർത്തു.
ഹൈസ്കൂളിലെത്തിയ മകൻ ഗസറ്റ് വിജ്ഞാപനത്തിലൂടെ വീണ്ടും മെക്കാർട്ടിനായി. ഒരിക്കൽ സെക്കന്റ് ഷോ കഴിഞ്ഞ് സൈക്കിളിൽ വരുമ്പോൾ ലൈറ്റില്ലാത്തതിന് പൊലീസ് പിടിച്ചു. കാരണം ലൈറ്റില്ല. പേരു പറഞ്ഞപ്പോൾ പിടികിട്ടുന്നില്ല, പൊക്കോ ഓരോ പേര്... എന്ന് പറഞ്ഞുവിട്ടു. മമ്മൂട്ടി വിളിക്കുന്നത് മെർക്കാട്ടിൻ, എ.ടി. കുഞ്ഞുമോനാകട്ടെ മെകാസ്റ്റിൻ.
വീട്ടിൽ ചേട്ടനെ സംഗീതം പഠിപ്പിക്കാൻ വന്ന അദ്ധ്യാപകനാണ് നാലുവയസുകാരൻ മെക്കാർട്ടിന്റെ സംഗീതബോധം തിരിച്ചറിഞ്ഞത്. ഉടനെ പഠനവും തുടങ്ങി. ഹാർമോണിയത്തിലുേ കീബോർഡിലുേ തിളങ്ങി. സംഗീത സംവിധായകനാകാൻ ആഗ്രഹിച്ചെങ്കിലും ചലച്ചിത്ര സംവിധായകനായാണ് മാറിയത്.
മിമിക്രി വേദിയിലായിരുന്നു റാഫിയുമായി കണ്ടുമുട്ടിയത്. അത് സമാനമനസ്കരുടെ കൂട്ടുകെട്ടായി. കഥ, തിരക്കഥ, സംഭാഷണം ഒരുമിച്ചായി. സിദ്ധിക് ലാലിന്റെ അസിസ്റ്റന്റുമാരായി.
ആദ്യ ചിത്രം പുതുക്കോട്ടയിലെ പുതുമണവാളൻ, പഞ്ചാബി ഹൗസും, തെങ്കാശിപട്ടണവും തകർത്തോടി പിന്നെയെല്ലാം ഹിറ്റുകൾ. 25 ഓളം സിനിമകൾ പിറന്നു.
സംഗീത സംവിധാനവും അഭിനയവും കൂടി സിനിമയിൽ കൈവയ്ക്കാനുണ്ട്. ഹോളിവുഡ് ശൈലിയിൽ ഗ്രാഫിക്സ് സിനിമ ചെയ്യണമെന്നാണ് സ്വപ്ന പദ്ധതി.
നന്നായി ചിത്രം വരക്കുന്ന മെക്കാർട്ടിൻ ഫോട്ടോഗ്രാഫിയും, ഗ്രാഫിക്സും , ഗോപിനാഥ് മുതുകാടിൽ നിന്നും മാജിക്കും പഠിച്ചിട്ടുണ്ട്. നിരവധി വേദികളിൽ മാജിക് ഷോ ചെയ്തിട്ടുണ്ട്. മകൾ സെറിൻ ചിത്രകാരിയും ആർക്കിടെക്റ്റുമാണ്. ഭാര്യ ഷീജ.