
കൊച്ചി: തൃപ്പൂണിത്തുറയിൽ ഇത്തവണ താമര വിരിയിക്കാനുറച്ച് ഇറക്കുമതി സ്ഥാനാർത്ഥിയെത്തുമോ?. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഭൈമീ കാമുകന്മാർ ഏറെപ്പേരുണ്ടായിരുന്നെങ്കിലും നറുക്ക് വീണത് പ്രൊഫ. തുറവൂർ വിശ്വംഭരനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതശല്യമുണ്ടായിട്ടും തൃപ്പൂണിത്തുറ നഗരസഭയിൽ 13ൽ നിന്നും 15 ആക്കി അംഗസംഖ്യ വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഏഴുതവണ എൽ.ഡി.എഫും അഞ്ചുതവണ യു.ഡി.എഫും ജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ തവണ നരേന്ദ്രമോദി പ്രചാരണത്തിനെത്തിയ മണ്ഡലത്തിൽ തുറവൂർ വിശ്വംഭരൻ നേടിയത് 29,843 വോട്ടാണ്. ജില്ലയിൽ നിന്നാണ് സ്ഥാനാർത്ഥിയെങ്കിൽ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണനാണ് സാദ്ധ്യത. നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം ഇ.എൻ.നന്ദകുമാറും സംസ്ഥാന സമിതി അംഗം പി. ശിവശങ്കറും രംഗത്തുണ്ട്. സന്ദീപ് വാര്യർ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നു,.