
കൊച്ചി: റോഡുകൾ വാഹനങ്ങൾക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്കും അവകാശപ്പെട്ടതെന്ന സന്ദേശവുമായി സ്മാർട്ട്സിറ്റി മിഷൻ നവീകരിക്കുന്ന 140 റോഡുകൾ മാർച്ചിൽ പൂർത്തിയാകും. വീതിയേറിയ നടപ്പാത, സൈക്കിൾ ട്രാക്ക്, പൊതുഗതാഗത സംവിധാന വികസനം എന്നിവയ്ക്ക് പ്രാധ്യാന്യം നൽകിയാണ് കേന്ദ്രപദ്ധതിയായ സ്മാർട്സിറ്റിയിൽ ഉൾപ്പെടുത്തി റോഡുകൾ രൂപകല്പന ചെയ്തത്. വീതികുറഞ്ഞ റോഡുകൾ, വഴിയോര കച്ചവടസ്ഥലങ്ങളുടെ അഭാവം, അനധികൃത പാർക്കിംഗ്, സ്വകാര്യവാഹങ്ങളുടെ അതിപ്രസരം എന്നിവ ഉയർത്തുന്ന വെല്ലുവിളി നേരിട്ടാണ് റോഡുകൾ ഒരുക്കുന്നതെന്ന് സ്മാർട്ട്സിറ്റി മിഷൻ അധികൃതർ പറഞ്ഞു. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും സുഗമമായി ഉപയോഗിക്കാവു രൂപകല്പനയാണ് സ്വീകരിച്ചത്.
വെള്ളക്കെട്ടും നേരിടും
വെള്ളക്കെട്ടിനെയും നേരിടാവുന്ന തരത്തിലാണ് നിർമാണം. എറണാകുളം മേഖലയിൽ 50 ഉം പശ്ചിമകൊച്ചിയിൽ 90 ഉം റോഡുകളാണ് നവീകരിക്കുന്നത്. വെള്ളം ഒഴുകാൻ ശാസ്ത്രീയമായ രീതിയാണ് സ്വീകരിച്ചത്. സുഗമമായി വെള്ളം ഒഴുകാൻ കനാലുകളെ ബന്ധിപ്പിച്ചിട്ടുണ്ട്. വെള്ളത്തിന്റെ നിലവിലെ ഒഴുക്കിനെ അതേപടി നിലനിറുത്തിയും ചിലയിടങ്ങളിൽ തിരിച്ചുവിട്ടുമാണ് രൂപകല്പന. ചിലയിടങ്ങളിൽ ബൈപാസ് ഡ്രെയിൻ സൃഷ്ടിച്ചു. ഡി.എച്ച് റോഡിൽ ഒഴുക്കിനെ തടസപ്പെടുത്താതെ നാലിൽ മൂന്നു ഭാഗം വെള്ളവും കായലിലേക്കും ഒരുഭാഗം എം.ജി. റോഡിലെ ഡ്രെയിനിലേക്കുമാണ് ഒഴുക്കുന്നത്.
പല പണികൾ ഒരേസമയം
സിവിൽ, ഇലക്ട്രിക് ജോലികൾ, ഭൂമിക്കടിയിൽ കേബിൾ സ്ഥാപിക്കൽ, തെരുവു വിളക്ക് ജോലികളും ഒരേസമയം നടപ്പാക്കി. റോഡിൽ നിന്ന് മാറ്റി നടപ്പാതയിലും ഓരത്തുമാണ് സ്ഥാപിച്ചത്. അനുമതികൾ ലഭിക്കാൻ വൈകുന്നത് പവർ കേബിളുകൾ സ്ഥാപിക്കുന്നതിലുൾപ്പെടെ നിർമാണത്തെ ബാധിച്ചു. ഇലക്ട്രിക്, സിവിൽ വർക്കുകൾ ഒരുമിച്ച് ചെയ്യുന്നതിലെ കാലതാമസം മറ്റുപണികളെയും ബാധിക്കുന്നു.
നിലവാരത്തിൽ വിട്ടുവീഴ്ചയില്ല
റോഡുകളിലെ ഇലക്ട്രിക്ക് ലൈനുകൾ, വാട്ടർ ലൈൻ, സീവേജ് ലൈൻ, ബി.എസ്.എൻ.എല്ലിന്റെ ഉൾപ്പെടെ കേബിളുകൾ തുടങ്ങിയവ പണികൾ നടക്കുമ്പോൾ പൊട്ടുന്നത് മാസങ്ങളോളം പണി തടസപ്പെടുത്തി. ഇത്തരം പ്രശ്നങ്ങൾ മറ്റു വകുപ്പുമായി ചർച്ച ചെയ്തു പരിഹരിച്ചു പണികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. പലതരം പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. പദ്ധതിയുടെ നിലവാരം കുറയാതെ പരമാവധി വേഗത്തിൽ തീർക്കാനാണ് ശ്രമിക്കുന്നത്. കൊവിഡ് കാലത്തു തൊഴിലാളികളുടെ അപര്യാപ്തത ജോലിയുടെ വേഗതയെ സാരമായി ബാധിച്ചു. ജനപക്ഷത്തു നിന്നുകൊണ്ടാണ് സി.എസ്.എം.എൽ പദ്ധതി നടപ്പിലാക്കുന്നത്. പണിനടക്കുന്ന എല്ലാ റോഡുകളും മാർച്ച് 21 നകം പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്ന് സി.എസ്.എം.എൽ അധികൃതർ പറഞ്ഞു.