വൈപ്പിൻ: ഏറ്റവും ജനസാന്ദ്രതയേറിയ വൈപ്പിൻ ദ്വീപിന്റെ മുഖ്യവീഥിയാണ് വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാത. 25 കി. മി. നീളം വരുന്ന പാതക്ക് ഇരുവശവും നിറയെ വ്യാപാര സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളുമാണ്. പാതക്ക് വീതി കൂട്ടിയെടുക്കുക എളുപ്പമല്ല.150 ഓളം സ്വകാര്യ ബസുകളും നാല്പതോളം കെ. എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇത്രയധികം ബസ് സ്റ്റോപ്പുകൾ ഉള്ള മറ്റൊരു റൂട്ടും ജില്ലയിൽ വേറെയില്ല. സംസ്ഥാന പാതയായി പ്രഖ്യാപിച്ചിട്ടുള്ളഗ്രാമ പ്രദേശത്തെ ചുരുക്കം റോഡുകളിൽ ഒന്നാണിത്.

8 പാലങ്ങളും അതിലേറെ കലുങ്കുകളും ഉണ്ട്. മുൻപ് ഇടുങ്ങിയ പാലങ്ങൾ സുഗമമായ ഗതാഗതത്തിന് തടസമായിരുന്നു. ഇവയൊക്കെ വീതി കൂട്ടി പുനർനിർമ്മിച്ചു. പള്ളിപ്പുറം കോൺവെന്റിന് വടക്കുള്ള ഒരു ചെറിയ പാലം ഒഴിച്ചാൽ മറ്റ് എല്ലാ പാലങ്ങളും റോഡിനേക്കാൾ വീതി ഉള്ളതായി മാറി.സംസ്ഥാന പാത മികച്ച നിലയിലാക്കുന്നതിനുള്ള ശ്രമം ഒരു വർഷം മുൻപ് തന്നെ തുടങ്ങി. സംസ്ഥാന ബഡ്ജറ്റിൽ നിന്ന് അനുവദിച്ച 20 കോടി രൂപയും ബഡ്ജറ്റിന് പുറത്ത് നിന്ന് കിട്ടിയ 26 കോടിയും വിനിയോഗിച്ചാണ് റോഡ് അണിഞ്ഞൊരുങ്ങുന്നത്. പാതക്കരികിലെ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഭൂഗർഭ കേബിളുകൾ ഇടുന്ന ജോലിയാണ് ആദ്യം തുടങ്ങിയത്. കൊവിഡിന്റെ വരവോടെ നിർത്തി വെച്ച പണി രണ്ട് മാസം മുൻപാണ് പുനരാരംഭിച്ചത്. പ്രധാന കവലകളുടെ വികസനം, നടപ്പാത നിർമ്മാണം, റോഡ് സുരക്ഷ കാമറകൾ എന്നിവയും അടുത്ത ഘട്ടത്തിലുണ്ട്. ഇതോടെ സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിലെ ഏറ്റവും മികച്ച പാതയാകും വൈപ്പിൻ പള്ളിപ്പുറം.

ടാറിംഗ് ബി.എം.ബി.സി നിലവാരത്തിൽ

വൈപ്പിനിൽ നിന്നും മുനമ്പത്ത് നിന്നും റി ടാറിംഗ് ജോലികളും തുടങ്ങി. റോഡിന്റെ ഏറ്റവും മോശമായ ഭാഗങ്ങൾ ആദ്യം ടാർ ചെയ്യണമെന്ന എസ്.ശർമ്മ എം.എൽ.എ യുടെ നിർദ്ദേശാനുസരണം പലയിടങ്ങളിലായാണ് ഇപ്പോൾ ടാറിംഗ് നടക്കുന്നത്. വീതി കൂട്ടിയിടുക്കാവുന്ന ഇടങ്ങളിൽ അതും നടത്തുന്നുണ്ട്. പൂർണ്ണമായും ബി.എം.ബി.സി നിലവാരത്തിലുള്ളതാണ് ടാറിംഗ്. നിലവിൽ നടത്തുന്ന ബിറ്റുമെന്റ് ടാറിംഗ് പൂർത്തിയാകുന്ന മുറക്ക് അതിനു മേലെ ബിറ്റുമിൻ കോൺക്രീറ്റും ചെയ്യും.