കൊച്ചി: സാമൂഹ്യഅകലം പാലിക്കാതെ പ്രകടനം നടത്തിയെന്നാരോപിച്ച് പകർച്ചവ്യാധി ഒാർഡിനൻസ് 2020 പ്രകാരം തനിക്കെതിരെ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാൻ മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് നൽകിയ ഹർജിയിൽ അദ്ദേഹത്തെ വിചാരണക്കോടതിയിൽ ഹാജരാകുന്നതിൽനിന്ന് രണ്ടു മാസത്തേക്ക് ഹൈക്കോടതി ഒഴിവാക്കി. ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി. കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് എറണാകുളം മേനകയിലെ ജി.സി.ഡി.എ കോംപ്ളക്സിനു സമീപം നടത്തിയ പ്രകടനത്തെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. കൊവിഡ് വ്യാപനം തടയുന്നതിനായി നടപ്പാക്കിയ പകർച്ചവ്യാധി ഒാർഡിനൻസ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെങ്കിലും ഏതു വ്യവസ്ഥ ലംഘിച്ചെന്ന് എഫ്.ഐ.ആറിലോ ജനപ്രതിനിധികൾക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്ന എറണാകുളം അഡി.സി.ജെ.എം കോടതിയിൽ നൽകിയ അന്തിമറിപ്പോർട്ടിലോ പറയുന്നില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. തുടർന്നാണ് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവു നൽകിയത്

 ഫോർട്ടുകൊച്ചിയിലെ കേസ്: വിശദീകരണം തേടി

ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കഴിഞ്ഞവർഷം ജൂൺ 23ന് ഫോർട്ടുകൊച്ചിയിൽ നടത്തിയ ധർണയ്ക്കെതിരെ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാൻ പ്രൊഫ. കെ.വി. തോമസും മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷനും നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണംതേടി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ നടത്തിയ ധർണയ്ക്കെതിരെയും പകർച്ചവ്യാധി ഒാർഡിനൻസ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.