khadi

കൊച്ചി: ഏറെനാളത്തെ സ്വപ്നസാക്ഷാത്കാരവുമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്. നൂതനമായ ഫാഷനുകളിൽ വെെവിദ്ധ്യമാർന്ന ഖാദി വസ്ത്രങ്ങൾ ആകർഷകമായ ഡിസെെനുകളിൽ ഉപഭോക്താവിന് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി കലൂർ ഖാദി ടവറിൽ ആരംഭിക്കുന്ന ഖാദി ഫാഷൻ ഡിസെെനർ സ്റ്റുഡിയോ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഇന്നുച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും.

ട്രെൻഡി ഖാദി വസ്ത്രോത്പന്നങ്ങളുടെ പ്രദർശനവും നടക്കും. കാലാനുസൃതമായി മാറുന്ന ഉപഭോക്താക്കളുടെ വസ്ത്രസങ്കല്പങ്ങൾക്കനുസരിച്ച് ഡിസെെനുകളും ഫാഷനുകളും സ്റ്റുഡിയോയിൽ രൂപകല്പന ചെയ്തായിരിക്കും ഖാദി ബോർഡ് വസ്ത്രങ്ങൾ ഇനി വിപണിയിലിറക്കുക. കൊവിഡിനെ തുടർന്ന് വിപണിയിലിറക്കിയ ഖാദി മാസ്ക്കുകൾക്ക് വൻപ്രചാരമാണ് ലഭിച്ചത്. മാസ്ക് ഉത്പാദനം ആരംഭിച്ചത്തോടെ വിറ്റഴിക്കാൻ സാധിക്കാതെ കെട്ടിക്കിടന്ന തുണിത്തരങ്ങളെല്ലാം ഉപയോഗിച്ചു. ഒരു ലക്ഷം മാസ്കുകളാണ് സൗജന്യമായി നൽകിയത്. രണ്ടുകോടി മാസ്കുകൾ ഖാദി ബോർഡ് ഇതുവരെ വിപണനം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച ലാഭത്തിന്റെ ആദ്യവിഹിതമായി തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകാനാണ് ഖാദി ബോർഡിന്റെ തീരുമാനം. ഡിസെെനർ സ്റ്റുഡിയോ പ്രവർത്തനമാരംഭിക്കുന്നത്തോടെ ഖാദി മേഖലയുടെ പുരോഗതിയും തൊഴിലാളികളുടെ ക്ഷേമവും ഉറപ്പാക്കാൻ സാധിക്കുമെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വെെസ് ചെയർപേഴ്സൺ ശോഭനാ ജോർജ് പറഞ്ഞു. സ്റ്റുഡിയോടു ചേർന്ന് ഖാദി ഗ്രാമവ്യവയായ മേഖലയിൽ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്തമായ സൗന്ദര്യവർദ്ധകവസ്തുകൾ ഉപയോഗിച്ചുള്ള ഖാദി ബ്യൂട്ടി സെന്ററും പ്രവർത്തനമാരംഭിക്കും.