
കോലഞ്ചേരി: കാട്ടിലൊട്ടുമില്ല. നാട്ടിലാണേൽ കിട്ടാക്കനി. പക്ഷ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പാതയോരങ്ങളെല്ലാം വമ്പൻ കച്ചവടമാണ്. താരം മറ്റാരുമല്ല മുളയരി. മുളയരി പായസമാണ് സഞ്ചാരികളെ വീഴ്ത്തുന്ന പുതിയ വിഭവം. എന്നാൽ ഇതിനും മാത്രം മുളയരി എവിടുന്നടേയ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠിക്കുന്നവരും മറ്റും ചോദിക്കുന്നത്.ആയുസിൽ ഒരിക്കലാണ് മുളങ്കാടുകൾ പൂക്കുക. ഇതിന് 35,40 വർഷമെടുക്കും. വയനാട്ടിലും,നിലമ്പൂരിലും അവസാനമായി മുള പൂത്തത് പന്ത്റണ്ടുവർഷം മുമ്പാണ്. മുള പൂത്താലാണ് മുളയരി കിട്ടുക. കേരളത്തിലെ മറ്റു വനമേഖലകളിലും മുളയരി കിട്ടാക്കനിയാണ്. മുളയരിയുടെ പോഷകഗുണവും ഔഷധമൂല്യവുമാണ് മുളയരിയെ താരമാക്കിയത്. എന്നാൽ മുളയരിയെന്നപേരിൽ മിക്കയിടത്തും ഉപയോഗിക്കുന്നത് കനംകുറഞ്ഞയിനം സൂചിഗോതമ്പും നുറുക്കിയെടുത്ത ഗോതമ്പുമാണ്. തായ്‌ലാൻഡിൽനിന്നുവരുന്ന സൂചിഗോതമ്പിനോടു സാമ്യമുള്ള ഒരിനം ധാന്യവും മുളയരിയെന്നപേരിൽ വിൽക്കുന്നുണ്ട്.
20, 25 രൂപയ്ക്ക് ഒരു ഗ്ലാസ് മുളയരിപ്പായസത്തിന്റെ വില്പന. നാടൻവിഭവങ്ങൾ കിട്ടുന്ന ഹോട്ടലുകളിൽ മുളയരിക്കഞ്ഞിയും ഉപ്പുമാവും പുട്ടുമെല്ലാം സുലഭം. പാകംചെയ്ത രൂപത്തിൽ മുളയരി തിരിച്ചറിയാൻ ഭൂരിപക്ഷം പേർക്കും കഴിയില്ല. അതേസമയം യഥാർത്ഥ മുളയരിക്ക് വൻ ഡിമാൻഡാണ്. പഴയ സ്റ്റോക്ക് കൈവശമുണ്ടെന്ന് അവകാശപ്പെടുന്നവർ പോലും കിലോയ്ക്ക് നാനൂറു മുതൽ അഞ്ഞൂറുവരെ രൂപയ്ക്കാണ് ഈടാക്കുന്നത്. എന്നാൽ എൺപതുമുതൽ ആയിരം രൂപ വരെയാണ് വിവിധ ഓൺലൈൻ സൈറ്റുകളിൽ കിലോയ്ക്ക് വില. അതായത് ഒരേ സാധനത്തിന്റെ വിലയിൽ 920 രൂപയുടെ വ്യത്യാസം.
വയനാട്, തൃശൂർ, പാലക്കാട് വനമേഖലകളിൽ നിന്ന് മുളയരി വാങ്ങിക്കൊണ്ടുവന്ന് മറ്റുജില്ലകളിൽ ഗ്ലാസിന് 20 രൂപ നിരക്കിൽ മുളയരിപ്പായസം വില്ക്കുന്നത് ഒറ്റ നോട്ടത്തിൽ തന്നെ ലാഭകരമല്ല. നാളികേരപ്പാൽ, ശർക്കര തുടങ്ങി പായസത്തിനുവേണ്ട മറ്റു സാധനങ്ങൾകൂടിയാകുമ്പോൾ കച്ചവടക്കാരന് നഷ്ടം ഉറപ്പ്. ഗോതമ്പ് മുഴുവനായും ഉപയോഗിച്ചോ കൂട്ടിക്കലർത്തിയോ ആണ് പലരും പായസമുണ്ടാക്കുന്നത്. ഇടനിലക്കാർ മുളയരിയെന്നപേരിൽ എത്തിച്ചുകൊടുക്കുന്ന കനംകുറഞ്ഞയിനം ഗോതമ്പ് മുളയരിയാണെന്ന ധാരണയിൽ പായസമോ കഞ്ഞിയോ ആക്കി വില്ക്കുന്നവരുമുണ്ട്. ആന്ധ്രയിൽനിന്നും കർണാടകയിൽനിന്നും സൂചിഗോതമ്പ് എത്തിക്കുന്ന ഇടനിലക്കാരുണ്ട്. ഭക്ഷ്യസുരക്ഷാഗുണനിലവാര നിയമപ്രകാരം മുളയരിയുടെ ഗുണനിലവാരം ഇതുവരെ നിർണയിച്ചിട്ടില്ല. വിപണിയിൽ ലഭിക്കുന്നത് യഥാർത്ഥ മുളയരിതന്നെയാണോ എന്നു്പരിശോധിക്കാൻ ഇതൊരു സാങ്കേതിക തടസസമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും പറയുന്നു.