vellam-

കൊച്ചി : 'വെള്ളം' സിനിമയുടെ വ്യാജ പതിപ്പ് ഡൺലോഡ് ചെയ്തു സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കൾ. ജയസൂര്യ നായകനായി പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം തീയേ​റ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ചിത്രം യുട്യൂബ്, ടെലിഗ്രാം തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ ചോർന്നത്. അനധികൃതമായി ചിത്രം ചോർത്തി പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നിയമനടപടികൾ ആരംഭിച്ചു.
കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സിനിമ ഡൺലോഡ് ചെയ്ത് പ്രദർശിപ്പിച്ച വീഡിയോ സഹിതമാണ് നോർത്ത് പൊലീസ് സ്​റ്റേഷനിൽ നിർമാതാക്കളിൽ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് പരാതി നൽകിയത്. യുവാക്കളുടെ വലിയൊരു സംഘം ചിത്രങ്ങൾ ചോർത്തുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത് മണബ്രക്കാട്ട്, യദുകൃഷ്ണ എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചത്. 80 ലേറെ തിയേറ്ററുകളിലാണ് പ്രദർശനം നടക്കുന്നത്.