
ന്യൂഡൽഹി: സ്വകാര്യവത്കരിക്കുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 24 ആയി തത്കാലും ചുരുക്കും. 300ൽ പരം കമ്പനികളെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
നീതി ആയോഗിന്റെ ശുപാർശ പ്രകാരമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മാത്രം നിലനിറുത്തിയാൽ മതിയെന്നാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം. ഇതിനായി തന്ത്രപ്രധാന്യമുള്ള സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുക്കുക. മറ്റുള്ള എല്ലാ കമ്പനികളെയും വിറ്റൊഴിയുകയോ ഓഹരി വിൽക്കുകയോ ചെയ്യാനാണ് നീക്കം.
സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും കൈയൊഴിയാൻ പ്രത്യേക പാക്കേജുകൾ തയ്യാറാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ബഡ്ജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.
പ്രതിസന്ധിയിലും നഷ്ടത്തിലും പോകുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ എത്രയും വേഗം വിറ്റൊഴിയാനായി പുതിയ സംവിധാനം രൂപീകരിക്കാൻ കേന്ദ്രസർക്കാർ നടപടികളെടുത്തുവരികയാണ്.
2021-22 വർഷം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റൊഴിഞ്ഞ് 1.75 ലക്ഷം കോടി രൂപ സമാഹരിക്കലാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
തന്ത്രപ്രധാന മേഖല
ആണവോർജം, ബഹിരാകാശം, പ്രതിരോധം, ഗതാഗതം, വാർത്താവിനിമയം, ഉൗർജം, പെട്രോളിയം, കൽക്കരി, ധാതുക്കൾ, ബാങ്കിംഗ്,
ഇൻഷ്വറൻസ്, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ കമ്പനികളെയാണ് തന്ത്രപ്രധാന മേഖലയായി കണക്കാക്കുക. ഈ മേഖലയിൽ പോലും ഏറ്റവും കുറഞ്ഞ സാന്നിദ്ധ്യമാണ് സർക്കാർ നയം. അനിവാര്യമായ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുകയോ സ്വകാര്യപങ്കാളിത്തം തേടുകയോ വിറ്റൊഴിയുകയോ ചെയ്യും.