കൊച്ചി: നഗരഹൃദയത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരവുമായി കലൂർ 220 കെ.വി. സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. കലൂ‌ർ, പാലാരിവട്ടം, ഇടപ്പള്ളി, വെണ്ണല, വടുതല എന്നിവിടങ്ങളിലെ വിതരണം കാര്യക്ഷമമാക്കുന്നതിനൊപ്പം ഇടപ്പള്ളി, എറണാകളും നോർത്ത്, മറൈൻ ഡ്രൈവ്, പെരുമാനൂർ, തമ്മനം സബ് സ്റ്റേഷനുകളിലേക്കും മുടക്കം കൂടാതെയും കൃത്യമായ വോൾട്ടേജിലും വൈദ്യുതി എത്തിക്കാനും പുതിയ സബ് സ്റ്റേഷൻവഴി സാധിക്കും. അത്യാധൂനിക ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച കെ.എസ്.ഇ.ബിയുടെ ന്റെ ആദ്യത്തെ 220 കെ.വി. സബ് സ്റ്റേഷനാണ് ഇന്നലെ കലൂരിൽ മന്ത്രി എം.എം. മണി നാടിന് സമർപ്പിച്ചത്. ഇവിടെ ഉണ്ടായിരുന്ന 100 കെ.വി. സബ് സ്റ്റേഷൻ 220 കെ.വിയാക്കി ഉയർത്തുകയായിരുന്നു. കൊച്ചി നഗരത്തിൽ വ‌ർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിന് പഴയ 110 കെ.വി. സ്റ്റേഷൻ പര്യാപ്തമല്ലെന്ന് കണ്ടാണ് ശേഷി ഉയർത്താൻ തീരുമാനിച്ചത്. 2018 ജൂലായിൽ നിർമാണം ആരംഭിച്ച് 2020 ഡിസംബറിൽ പൂർത്തിയാക്കി. 150 കോടിരൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി 130 കോടിരൂപയ്ക്ക് പൂർത്തിയാക്കി. ബ്രഹ്മപുരത്തുനിന്ന് തുതിയൂർ

വരെ ഓവർഹേഡ് ലൈനായും അവിടെ നിന്ന് ഭൂഗർഭ കേബിളുകൾ വഴിയുമാണ് പുതിയ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്നത്. തിരക്കേറിയതും ഇടുങ്ങിയതുമായ റോഡുകളിലൂടെ കേബിൾ ഇടുന്ന ജോലി വളരെ ദുഷ്കരമായിരുന്നെങ്കിലും അപകടരഹിതമായി പദ്ധതി പൂർത്തികരിക്കാൻ സാധിച്ചതും വലിയ നേട്ടമായി. അങ്കമാലി ടെൽക് നിർമിച്ച 160 എം.വി.ഐ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകളാണ് കലൂരിൽ ഉപയോഗിച്ചിരിക്കുന്നത്. കലൂർ 220 കെ.വി. സബ് സ്റ്റേഷന്റെ പ്രവർത്തനംമൂലം നഗരഹൃദയത്തിലെ വൈദ്യുതി വിതരണത്തിൽ പ്രസരണനഷ്ടം കുറയ്ക്കാൻ സാധിക്കുമെന്നും ഇതിലൂടെ പ്രതിവർഷം 25 കോടിരൂപയുടെ ലാഭമുണ്ടാകുമെന്നുമാണ് കെ.എസ്.ഇ.ബി.എൽ പ്രതീക്ഷിക്കുന്നത്. ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുതി പ്രസരണം നടത്തുന്ന കെ.എസ്.ഇ.ബി.എല്ലിന്റെ ആദ്യത്തെപദ്ധതിയാണ് കലൂരിൽ ഇന്നലെ ഉദ്ഘാടനം യാഥാർത്ഥ്യമാക്കിയത്.