പറവൂർ:കുളച്ചൽ തൊഴിലാളികൾ തട്ടിക്കൊണ്ടുപോയ ബോട്ട്, ഉടമകളുടെ നിരന്തര പോരാട്ടത്തിനൊടുവിൽ തമിഴ്നാട് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തെങ്കിലും ഉടമകൾക്ക് വിട്ടുകൊടുക്കുന്നില്ല. വടക്കേക്കര പട്ടണം സ്വദേശിയായ ആന്റണിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഒന്നരക്കോടി രൂപ ചിലവഴിച്ചു ഒരുവർഷം മുമ്പ് ബോട്ട് നിർമ്മിച്ചത്. സെപ്റ്റംബർ 24നാണ് മത്സ്യബന്ധനത്തിനായി കുഞ്ഞിത്തൈയിൽ നിന്നും പുറപ്പെട്ടത്. അഞ്ചു ദിവസം കഴിഞ്ഞു തിരിച്ചു വരേണ്ട ബോട്ടിൽ 450 ഐസ് ബോക്സും 6000 ലിറ്റർ ഡീസലും ആവശ്യമായ ആഹാരസാധനങ്ങളും ഉണ്ടായിരുന്നു. കുളച്ചൽ സ്വദേശികളായ പന്ത്രണ്ട് തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അഞ്ചു ദിവസം കഴിഞ്ഞു ബോട്ട് വരാതെ വിഷമിച്ചിരിക്കുമ്പോൾ എട്ടാം ദിവസം ബോട്ടിൽ നിന്നും വിളിച്ച് കാലാവസ്ഥ മോശമായതിനാൽ കുളച്ചലിൽ അടുക്കുകയാണെന്നു പറഞ്ഞത് ഉടമകൾ വിശ്വസിച്ചു. രണ്ടാമതും ചരക്കുമായി കുളച്ചലിൽ തന്നെ അടുക്കുകയായിരുന്നു. പരാതിപ്പെട്ടപ്പോൾ പൊലീസ് തൊഴിലാളികളുമായി ഫോണിൽ സംസാരിച്ചു. ഉടമകൾ പണം താരനുണ്ടെന്നും അതാണ് ബോട്ടുമായി പോരാൻ കാരണമെന്നുമാണ് തൊഴിലാളികൾ പറഞ്ഞത്. പണം വാങ്ങിത്തരാം, ബോട്ടുമായി തിരിച്ചുവരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവർ തിരിച്ചുവന്നില്ല. ഉടമകൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ബോട്ട് പിടിച്ചു കൊണ്ടുവരാൻ പൊലീസിന് നിർദ്ദേശം നൽകി. ഇതനുസരിച്ചു വടക്കേക്കര പൊലീസ് കുളച്ചലിൽ എത്തിയെങ്കിലും തൊഴിലാളികൾ സംഘടിച്ചതോടെ പൊലീസിന് തിരിച്ചു പോരേണ്ടിവന്നു. കുളച്ചൽ പൊലീസിന്റെ സഹായം ലഭിച്ചതുമില്ല. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് വടക്കേക്കര പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്ന് തമിഴ്നാട് ഫിഷറീസ് വകുപ്പ് ബോട്ട് കസ്റ്റഡിയിലെടുത്തു. ബോട്ട് ഏറ്റുവാങ്ങാൻ പൊലീസ് ചെന്നെങ്കിലും തൊഴിലാളികൾ സംഘടിച്ചതോടെ ശ്രമം ഉപേക്ഷിച്ച് തിരിച്ചുപോന്നു. കേസിലെ പ്രതികളായ അരിസ്റ്റോ പോൾ പൗലോസി (37) മരിയ വാൾട്ടർ തനിസ്ലാസ് (61) പൊലീസ് അറസ്റ്റ് ചെയ്ത് പത്ത് ദിവസം റിമാൻഡിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. മറ്റു പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബോട്ട് കസ്റ്റഡിയിലെടുക്കാൻ കേരള ഡി.ജി.പി, ആലുവ റൂറൽ എസ്.പി വടക്കേക്കര ഇൻസ്പെക്ടർ തുടങ്ങിയവർക്കാണ് ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ നിർദ്ദേശം നൽകിയത്.