ആലുവ: യുവാവിനെ മർദ്ദിച്ചവശനാക്കി പണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ മൂന്നാം പ്രതി അറസ്റ്റിൽ. തൃശൂർ ചേലക്കര കിള്ളിമംഗലം കക്കിരിക്കുന്നത്ത് വീട്ടിൽ ഷാഹുൽ ഹമീദിനെ (30) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് താരിസ്, നവാസ്, ബിലാൽ എന്നുവിളിക്കുന്ന ശ്രീജിത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. തൃക്കാക്കര സ്വദേശി റഫീക്കിനെ പുലർച്ചെ ഒന്നരയോടെ ഗ്യാരേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലേക്ക് വിളിച്ചുവരുത്തി സംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന് കാറിൽ സൂക്ഷിച്ച രണ്ട് ലക്ഷത്തോളം രൂപയും മൊബൈൽ ഫോണും കവരുകയും കാറിനും കേടുപാട് വരുത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
എസ്.എച്ച്.ഒ പി.എസ്. രാജേഷ്, എസ്.ഐ ആർ. വിനോദ്, എ.എസ്.ഐ മാരായ കെ.പി. ഷാജി, ബിനോജ് ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ മാരായ പി.ജി. ബൈജു, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.