മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂർ കാവുംപടി - കുന്നുകുരുടി റോഡിന്റെ നവീകരണത്തിന് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും 68ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. പായിപ്ര ഗ്രാമപഞ്ചായത്തിലെ കാവുംപടിയിൽ നിന്നാരംഭിച്ച് പഞ്ചായത്ത് അതിർത്തിയായ മില്ലുംപടി വരെയുള്ള ഭാഗം ബി.എം.ബി.സി നിലവാരത്തിൽ ടാർചെയ്ത് മനോഹരമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. റോഡിലെ ഓടകളുടെ നവീകരണം, കോൺക്രീറ്റ്, ദിശാ ബോർഡുകൾ സ്ഥാപിക്കൽ, റിഫ്‌ളക്ട് ലൈറ്റുകൾ സ്ഥാപിക്കൽ അടയ്ക്കമുള്ള ജോലികളാണ് പൂർത്തിയാക്കുന്നത്.

പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ തൃക്കളത്തൂർ കുന്നുകുരുടി റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തൃക്കളത്തൂർ പ്രദേശത്തുള്ളവർക്ക് തൃക്കളത്തൂർ കാവുംപടിയിൽ നിന്നും കുന്നുകുരുടി, തട്ടാമുകൾ, പട്ടിമറ്റംവഴി ജില്ലാ സിരാകേന്ദ്രമായ കാക്കനാട് എളുപ്പത്തിൽ എത്തിച്ചേരുന്ന റോഡാണിത്. കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ സർവീസ് നടത്തുന്ന റോഡിൽ തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാം. റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായും 20ന് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.