 
ആലുവ: ആലുവ ജനസേവ ശിശുഭവൻ സ്ഥാപകൻ ജോസ് മാവേലി സപ്തതിയുടെ നിറവിൽ. സാമൂഹ്യസേവനരംഗത്ത് അരനൂറ്റാണ്ടിലേറെയായി ജീവിതമർപ്പിക്കുന്ന ജോസ് മാവേലിയെ ഇന്ന് ആലുവയിലെ സാമൂഹ്യപ്രവർത്തകർ ആദരിക്കും. ഡോ. ടോണി ഫെർണാണ്ടസ് ഷാളണിയിക്കും.
അൻവർ മെമ്മോറിയൽ പാലിയേറ്റിവ് കെയർ പ്രസിഡന്റ് ഡോ. ഹൈദരാലി, ധർമ്മദീപ്തി മുൻ ഡയറക്ടർ ഫാ. പോളി മാടശ്ശേരി, സാമൂഹ്യപ്രവർത്തകരായ ചിന്നൻ ടി. പൈനാടത്ത്, കെ.എ. ഹംസക്കോയ, എ.പി. ഉദയകുമാർ, രവികുമാർ, ജനസേവ പ്രസിഡന്റ് അഡ്വ. ചാർളിപോൾ, ജനറൽ കൺവീനർ ജോബി തോമസ് തുടങ്ങിയവർ പങ്കെടുക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാണ് പരിപാടികൾ.
എടക്കുന്ന് ഗ്രാമത്തിൽ മാവേലി തോമസിന്റേയും, ഏല്യയുടേയും പത്തുമക്കളിൽ ഏഴാമനായിട്ടാണ് ജോസ് ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. ആലപ്പുഴയിലെ അനാഥാലയത്തിലെ ഹൈസ്‌കൂൾപഠനകാലം ജോസ് മാവേലിയിൽ സഹാനുഭൂതി എന്ന വികാരം ജ്വലിപ്പിച്ചു. 17 -ാം വയസിൽ ഇടവകപള്ളിയിൽ രൂപീകരിച്ച 'വിൻസെന്റ് ഡി പോൾ സൊസൈറ്റി'യുടെ വൈസ് പ്രസിഡന്റായത് ജീവിതനിയോഗത്തിന്റെ ആകസ്മിതകളിലേയ്ക്കുള്ള യാത്രയുടെ തുടക്കമായി.
1996ൽ പാവപ്പെട്ട സ്‌കൂൾ കുട്ടികൾക്കായി ജനസേവ സ്‌കോളർഷിപ്പ് പദ്ധതി, 1997ൽ സ്‌കൂൾ കുട്ടികൾക്കായി ജനസേവ സൗജന്യ ഉച്ചഭക്ഷണ പരിപാടി, 1999ൽ തെരുവുമക്കൾക്കായി ജനസേവ ശിശുഭവൻ, മാതാപിതാക്കൾ ഉപേക്ഷിക്കുന്ന കൈക്കുഞ്ഞുങ്ങൾക്കായി 2002ൽ ജനസേവ ഫൗണ്ട്‌ലിംഗ് ഹോം, 2008ൽ ജനസേവ സ്‌പോർട്‌സ് അക്കാഡമി, 2011ൽ ജനസേവ യൂത്ത് ഹോസ്റ്റൽ, 2014ൽ ജനസേവ സ്ത്രീ രക്ഷാസമിതി, 2016ൽ ജനസേവ കാരുണ്യഭവന പദ്ധതി തുടങ്ങിയവ ആരംഭിച്ചു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. അറിയപ്പെടുന്ന വെറ്ററൻ കായികതാരമാണ്. 2020ൽ നടന്ന നാഷണൽ മീറ്റിൽ 'ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ' ബഹുമതി നേടി. ദേശീയ അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.