hc

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിന്റെ വിചാരണ ഫെബ്രുവരി 16 ലേക്ക് മാറ്റി. നടൻ ദിലീപിന്റെ അഭിഭാഷകന് കൊവിഡ് ബാധിച്ചതോടെ കേസിൽ ഹാജരാകുന്ന മറ്റ് അഭിഭാഷകരും ക്വാറന്റൈനിൽ പോകേണ്ടി വന്നതിനാലാണ് കേസ് വീണ്ടും മാറ്റിയത്. എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയും കേസിൽ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് പത്താംപ്രതി വിഷ്‌ണു സമർപ്പിച്ച ഹർജിയും വിചാരണക്കോടതി ഫെബ്രുവരി പത്തിന് പരിഗണിക്കും.

ദിലീപിന്റെ അഭിഭാഷകനു കൊവിഡ് സ്ഥിരീകരിച്ചതോടെ ജനുവരി 27 നാണ് സാക്ഷിവിസ്താരം നിറുത്തിവച്ചത്. ഇന്നലെ കേസ് വീണ്ടും കോടതി പരിഗണിച്ചെങ്കിലും കൂടുതൽ അഭിഭാഷകർ ക്വാറന്റൈനിലായതു കണക്കിലെടുത്താണ് നീട്ടിവച്ചത്. കേസിലെ മാപ്പുസാക്ഷി വിപിൻലാൽ, നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ തുടങ്ങിയവരെ കേസിൽ ഇനിയും വിസ്തരിക്കാനുണ്ട്.