അങ്കമാലി: ബാംബൂ കോർപ്പറേഷനുമായി ബന്ധപ്പെട്ട് റോജി എം. ജോൺ എം.എൽ.എയും ഐ.എൻ.ടി.യു.സി നേതാക്കളും വസ്തുതകൾ മറച്ചുവച്ച് കോർപ്പറേഷനെ സംബന്ധിച്ചു തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നു ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ്, ഡയറക്ടർ ടി.പി. ദേവസിക്കുട്ടി, മാനേജിംഗ് ഡയറക്ടർ എ.എം. അബ്ദുൾ റഷീദ് എന്നിവർ പറഞ്ഞു. ഇപ്പോഴത്തെ ബോർഡ് സ്വീകരിച്ച രക്ഷാനടപടികൾ ബാംബൂ കോർപ്പറേഷനെ എന്നെന്നേക്കുമായി ലാഭത്തിലാക്കും. പനമ്പ് ഉല്പാദനം വർദ്ധിപ്പിച്ച് ബാംബൂബോർഡ് ഫാക്ടറിയിലെ ഉത്പാദനം വർദ്ധിപ്പിച്ചു. പി.എഫിൽ കോർപറേഷൻ അടയ്‌ക്കേണ്ട മുഴുവൻ തുകയും അടച്ചുതീർത്തു. വിരമിച്ചവരുടെ ആനുകൂല്യങ്ങൾ കൊടുക്കാൻ നടപടികളെടുത്തു. നല്ലളം ഫാക്ടറിയിൽ ബാംബൂ നീം ടൈലിന്റെ ഉത്പാദനം ഈ മാസത്തിൽ ആരംഭിക്കുന്നതോടെ കോർപ്പറേഷൻ ലാഭത്തിലാകും. പ്ലാസ്റ്റിക്കിനുപകരം സർക്കാർ ഓഫീസുകളിൽ പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ ലഭ്യമാക്കും. കോതമംഗലത്ത് തുടങ്ങുന്ന ഇൻകുബേഷൻ സെന്ററിൽ ആയിരക്കണക്കിനു തൊഴിലാളികൾക്കു ജോലി നൽകാനാകും. അടിമാലിയിൽ ആദിവാസികൾക്കായി ബാംബു ക്രാഫ്റ്റ് പരിശീലനമേള സംഘടിപ്പിക്കും.