
കോലഞ്ചേരി: ഉള്ളി വില വീണ്ടും ഉയരത്തിലേയ്ക്ക്. വെളുത്തുള്ളിയും കയറ്റത്തിൽ. സവാള അമ്പതു കടന്നാണ് മുന്നേറ്റം, ചെറിയ ഉള്ളി 130 രൂപയിലേക്ക് എത്തി. വെളുത്തുള്ളി 160 കടന്നു. വില ഇനിയും കൂടുമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. ഇന്ധനവിലക്കയറ്റം വ്യാപാരത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ലോറികളിലെത്തിക്കുന്ന ലോഡുകൾക്ക് ഇപ്പോൾ അധികതുക നൽകം. ഇതാണ് ഉള്ളിക്കും സവാളയ്ക്കും വില കുതിക്കാൻ കാരണം. ഉള്ളി പൂനെയിൽ നിന്ന് എത്തിക്കുന്നതിനാൽ കടത്തുകൂലി ഇനത്തിൽ വലിയതുക വ്യാപാരികൾക്കു ചിലവാക്കേണ്ടിവരുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതോടെയാണു വിലവർദ്ധനവുണ്ടായത്. ചെറിയ ഉള്ളിയ്ക്ക് 90 രൂപയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വില. എന്നാൽ, ഉത്പാദനക്കുറവിനൊപ്പം ഇന്ധനവില ഉയർന്നതോടെ വില 130 രൂപയായി. പച്ചക്കറിവിലയിൽ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും മുരിങ്ങയ്ക്കയ്ക്കു വില കൂടുകയാണ്. 25 രൂപയിൽനിന്നിരുന്ന മുരിങ്ങയ്ക്ക ഇപ്പോൾ 160 രൂപയിലെത്തി. വെണ്ടയ്ക്കയ്ക്കും വിലയിൽ 20 രൂപയുടെ വ്യത്യാസമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും വിലയിൽ വീണ്ടും വ്യത്യാസമുണ്ടാകുമെന്ന് മൊത്തവ്യാപാരി കെ.എം.പരീക്കുട്ടി പറഞ്ഞു. കടത്തുകൂലി കൂടുന്നത് ഇറച്ചിക്കോഴി മേഖലയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കോഴികളെ എത്തിക്കുന്നതിനു ലോറിക്കാർ പറയുന്ന വില നൽകേണ്ട അവസ്ഥ. മുമ്പ് ഈ തുക സർക്കാരുമായി ആലോചിച്ചാണു നിർണയിച്ചിരുന്നത്. എന്നാലിപ്പോൾ ലോറിക്കാർ സ്വയം തീരുമാനിക്കുകയാണെന്നു വ്യാപാരികൾ പറയുന്നു. 90 ൽനിന്ന കോഴി വില 106 ലെത്തിയിട്ടുണ്ട്.