കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനധികൃത നിയമനങ്ങൾ നടന്നതായി ആരോപിച്ച് സി.പി.ഐ. ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ പറഞ്ഞു. കൊവിഡിന്റെ മറവിൽ ഇരുന്നൂറിലധികം നിയമനങ്ങൾ അനധികൃതമായി നടത്തിയെന്നും വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ. കളമശേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം.എ. നൗഷാദ് ആവശ്യപ്പെട്ടു.ആശുപത്രി വികസന സമിതിയുടെ തീരുമാനം മറികടന്നാണ് നിയമനങ്ങളെന്ന് സമിതി അംഗം കൂടിയായ നൗഷാദ് ആരോപിച്ചു. താൽക്കാലിക ഒഴിവിലേക്ക് എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താനാണ് തീരുമാനിച്ചത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജീവനക്കാരെ നൽകിയതും ശമ്പളം നൽകുന്നതും ദേശീയ ആരോഗ്യ ദൗത്യമാണെന്ന് സൂപ്രണ്ട് വാർത്താക്കുറിൽ അറിയിച്ചു. മുന്നു മാസം വീതം ദിവസവേതനത്തിൽ താൽക്കാലിക നിയമനമാണിത്. ആശുപത്രിയെ അപകീർത്തിപ്പെടുത്താനാണ് നീക്കമെന്ന് സൂപ്രണ്ട് പറഞ്ഞു.