custody

കൊച്ചി: കഞ്ചാവു കേസിൽ പിടികൂടിയ പ്രതി മലപ്പുറം തിരൂർ തൃപ്പംകോട് കരുമത്തിൽ രഞ്ജിത്ത്കുമാർ (40) എക്സൈസ് കസ്റ്റഡിയിൽ മർദ്ദനമേറ്റു മരിച്ച കേസിൽ തൃശൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണസംഘം എറണാകുളം സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ഒന്നു മുതൽ ഏഴു വരെ പ്രതികളായ, എക്സൈസ് പ്രിവന്റീവ് ഒാഫീസർമാരായ അനൂപ്കുമാർ, അബ്ദുൾ ജബ്ബാർ, എക്സൈസ് സിവിൽ ഒാഫീസർമാരായ നിധിൻ. കെ. മാധവൻ, കെ.യു. മഹേഷ്, സ്മിബിൻ, പ്രിവന്റീവ് ഒാഫീസർമാരായ വി.എ. ഉമ്മർ, എം.ഒ. ബെന്നി എന്നിവർക്കെതിരെയാണ് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം നൽകിയത്. അനൂപ്, നിധിൻ, ബെന്നി എന്നിവരൊഴികെ മറ്റുള്ളവർക്കെതിരെ കൊലക്കുറ്റം, അന്യായമായി തടവിൽ വച്ച് പീഡിപ്പിക്കൽ, മാരകമായി മുറിവേൽപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മറ്റുള്ളവർക്കെതിരെ കുറ്റസമ്മതത്തിനായി തടവിൽവച്ചു പീഡിപ്പിക്കൽ, രേഖകൾ തിരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

2019 ഒക്ടോബർ ഒന്നിനാണ് പ്രതികൾ രഞ്ജിത്ത്കുമാറിനെ ഗുരുവായൂരിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കള്ളുഷാപ്പിന്റെ ഗോഡൗണിൽ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ഇയാളെ പിടികൂടിയത്. തൃശൂരിലേക്ക് കൊണ്ടുവരുന്നവഴി രഞ്ജിത്ത് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചെന്നും ഇയാളുടെ ബോധം നഷ്ടമായെന്നുമായിരുന്നു എക്‌സൈസ് സംഘത്തിന്റെ വിശദീകരണം. വൈകുന്നേരം 4.25ന് പാവറട്ടി സാൻജോസ് ആശുപത്രിയിലെത്തിച്ച രഞ്ജിത്തിന്റെ മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് ഇയാൾ മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.. സർക്കാരാണ് അന്വേഷണം സി.ബി.ഐയ്ക്കുവിട്ടത്. തെറ്റായ വസ്തുതകൾ രേഖപ്പെടുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജോജോസിനു കനത്തശിക്ഷ നൽകുന്നതിനായി വകുപ്പുതല നടപടിവേണമെന്നും 750 പേജുകളുള്ള കുറ്റപത്രത്തിൽ പറയുന്നു. ഇതിനുപുറമേ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന പി.കെ. സാനു, പാവറട്ടി പൊലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഫൈസൽ, ചാവക്കാട് തഹസിൽദാറായിരുന്ന സന്ദീപ് എന്നിവർക്കെതിരെയും വകുപ്പുതലനടപടിക്ക് ശുപാർശചെയ്തിട്ടുണ്ട്.