
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നിയമനങ്ങൾ സംബന്ധിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അറിയിച്ചു.
2018 ലെ യു.ജി.സി ചട്ടം അനുസരിച്ചാണ് നിയമനങ്ങൾ നടത്തിയത്.
ഓരോ ഉദ്യോഗാർത്ഥിയുടെയും അഭിമുഖം കഴിയുമ്പോൾ ഓരോ ഘടകത്തിനും ലഭിച്ച മാർക്കുകളും ആകെമാർക്കും രേഖപ്പെടുത്തി തിരിച്ചുനൽകും. തിരഞ്ഞെടുപ്പ് സമിതി ചെയർമാനെന്ന നിലയിൽ വൈസ് ചാൻസലർക്ക് മാർക്കിടാൻ അവകാശമുണ്ടെങ്കിലും താൻ ഒരിക്കലും മാർക്ക് നൽകിയിട്ടില്ല. മാർക്ക് ക്രോഡീകരിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് സിൻഡിക്കേറ്റിന്റെ അംഗീകാരം നേടിയാണ്.
സി.പി.എം നേതാവും പാലക്കാട് മുൻ എം.പിയുമായ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് പുനഃപരിശോധിക്കില്ല. നിയമനം സംബന്ധിച്ച് രണ്ടു ദിവസത്തിനകം ഗവർണർക്ക് വിശദീകരണം നൽകും.
മലയാളം വിഭാഗത്തിൽ ഡോ. സംഗീത തിരുവളിനെ നിയമിക്കാൻ ശുപാർശക്കത്ത് ലഭിച്ചിട്ടില്ല. സമുദായ സംവരണത്തിൽ
യോഗ്യത അടിസ്ഥാനമാക്കിയാണ് സംഗീതയ്ക്ക് നിയമനം ലഭിച്ചത്.
രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ ഗവർണർ വിശദീകരണം തേടി
തിരുവനന്തപുരം: മുൻ എം.പി എം.ബി. രാജേഷിന്റെ ഭാര്യ ആർ. നിനിതയ്ക്ക് കാലടി സംസ്‌കൃത സർവകലാശാലയിൽ അസി.പ്രൊഫസറായി നിയമനം ലഭിച്ചത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്നുള്ള പരാതിയിൽ ഗവർണർ സർവകലാശാലയോട് വിശദീകരണം തേടി. അധികയോഗ്യതയുള്ള തങ്ങളെ തഴഞ്ഞാണ് നിനിതയെ നിയമിച്ചതെന്ന്, റാങ്ക് പട്ടികയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗാർത്ഥികളാണ് ഗവർണർക്ക് പരാതി നൽകിയത്. അതിനിടെ, നിനിതയെ നിയമിച്ചതിൽ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും നിയമനം റദ്ദാക്കില്ലെന്നുമാണ് സർവകലാശാലയുടെ നിലപാട്.
ഗവർണർക്ക് പരാതി നൽകി
തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയിലെ അദ്ധ്യാപക നിയമനത്തിലെ ക്രമക്കേടുകളെക്കുറിച്ച് വൈസ് ചാൻസലറെ മാറ്റിനിറുത്തി അന്വേഷണം നടത്തണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. എം.ബി. രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് മലയാളം അസി.പ്രൊഫസറായി നിയമനം നൽകിയത് ഇന്റർവ്യൂ ബോർഡിലെ രണ്ട് ഹിന്ദി വിദഗ്ദ്ധരുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണെന്ന് ആക്ഷേപമുണ്ട്. ഇന്റർവ്യൂ ബോർഡിലെ 7 അംഗങ്ങളിൽ 3 മലയാളം ഭാഷാ വിദഗ്ദ്ധരും നിനിതയെ തള്ളി. മലയാളം വകുപ്പു മേധാവിയും ചാൻസലറുടെ നോമിനിയും ഡീനുമാണ് പിന്തുണച്ചത്. സംസ്‌കൃത പണ്ഡിതനായ വി.സിമാർക്ക് ഇട്ടില്ല. മലയാളം അസി.പ്രൊഫസറുടെ യോഗ്യത നിശ്ചയിക്കേണ്ടത് ഹിന്ദി വിദഗ്ദ്ധരാണോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.