കൊച്ചി: കൊച്ചിയുടെ തെരുവോരങ്ങളിൽ ഇനി കലയുടെ ചിലമ്പൊലികൾ. കൊവിഡ് കാലത്തെ നിശബ്ദമായ രംഗവേദികളെ ചലനാത്മകമാക്കിക്കൊണ്ട് കലാകാരന്മാർക്ക് കൈത്താങ്ങായി ആർട്ട്‌സ് സ്‌പേസ് കൊച്ചിക്ക് തുടക്കം കുറിച്ചു. എറണാകുളം ജോസ് ജംഗ്ഷനിൽ കെ.എം.ആർ.എൽ. കൾച്ചറൽ കോർണറിൽ നടന്ന ചടങ്ങ് നടൻ ജയസൂര്യ ഉദ്‌ഘാടനം ചെയ്തു.
ഒരു മാസം മുമ്പ് മേയറുമായുള്ള കൂടിക്കാഴ്ചയിൽ ഇത്തരത്തിൽ ഒരു തെരുവോര സാംസ്‌കാരിക പരിപാടിയുടെ ആശയം പങ്കു വച്ചിരുന്നു. എന്നാൽ അതിത്ര പെട്ടെന്ന് നടപ്പിലാകുമെന്ന് കരുതിയില്ല, അതിനാൽ പറഞ്ഞതു പോലെ പ്രവർത്തിക്കുന്ന മേയറാണ് തന്റെ ഹീറോ . ജയസൂര്യ പറഞ്ഞു.

വികസിത നഗരങ്ങളെന്ന പോലെ കൊച്ചിയെ സാംസ്‌കാരികമായി സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. ആർട്ട്‌സ് സ്‌പേസ് കൊച്ചിക്കു വേണ്ടി തയ്യാറാക്കിയ തീം സോംഗ് ചടങ്ങിൽ ജയസൂര്യ റിലീസ് ചെയ്തു. കൊച്ചിയുടെ പ്രശസ്തി ലോകം മുഴുവൻ എത്തിച്ച ലോകത്തിലെ പല ഭാഷകളിലും പാടുന്ന ചാൾസ് ആൻറണിയുടെ സംഗീത വിരുന്നോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇംഗ്ലീഷ്, മലയാളം, ക്യൂബൻ, ആഫ്രിക്കൻ അടക്കം വിവിധ ഭാഷകളിലായി പാടിക്കൊണ്ട് ചാൾസ് ആൻറണി പദ്ധതിക്ക് ഗംഭീര തുടക്കം നല്കി.

നഗരത്തിലെ എട്ട് വേദികളായ

ജോസ് ജംഗ്ഷനിലെ കെ.എം.ആർ.എൽ., ചാത്യാത്ത് വാക് വേ , കോയിത്തറ പാർക്ക് , ഫോർട്ട് കൊച്ചി വാസ്‌കോ ഡ ഗാമ സ്‌ക്വയർ , മറൈൻഡ്രൈവ് , പള്ളുരുത്തി വെളി ഗ്രൗണ്ട് , വൈറ്റില മൊബിലിറ്റി ഹബ് , പാലാരിവട്ടം ടൗൺ സ്‌ക്വയർ എന്നിവിടങ്ങളിലാണ് ആടാനും പാടാനും ചിത്രം വരയ്ക്കാനുമുള്ള വേദി സജ്ജീകരിക്കുന്നത്.

ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ , സ്ഥിരംസമിതി ചെയർമാൻമാരായ സനിൽമോൻ. ജെ ,പി.ആർ. റെനീഷ്, ടി.കെ.അഷറഫ് , സുനിത ഡിക്‌സൻ, വി.എ. ശ്രീജിത്ത്, കൗൺസിലർ ആന്റണി കൂരീത്തറ , സി ഹെഡ് ഡയറക്‌ടർ ഡോ. രാജൻ ചെടമ്പത്ത് എന്നിവർ പങ്കെടുത്തു.കലാവതരത്തിന് രജിസ്റ്റർ ചെയ്യേണ്ട വെബ്‌സൈറ്റ് : www.c-hed.org