justice-anoop-chitkara

"ഒരു പെൺകുട്ടി ഫേസ്ബുക്കിലെ നിങ്ങളുടെ കമന്റിനു ലൈക്കടിച്ചാൽ അവൾ ആ കമന്റ് ഇഷ്ടപ്പെടുന്നുവെന്നേ അർത്ഥമുള്ളൂ. നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്നല്ല. അവൾ നിങ്ങളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ അതിനർത്ഥം നിങ്ങളുടെ സൗഹൃദം സ്വീകരിക്കുന്നുവെന്നാണ്, മറിച്ച് നിങ്ങളുടെ പ്രൊപ്പോസൽ സ്വീകരിക്കുന്നുവെന്നല്ല..."

കുറേക്കാലമായി സോഷ്യൽ മീഡിയയിൽ കറങ്ങി നടന്ന് വൈറലായ ഒരു കമന്റാണിത്. സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകൾ കൂടുതൽ അപമാനിക്കപ്പെടുന്ന വർത്തമാനകാലത്ത് ഇൗ കമന്റിന് ഏറെ പ്രസക്തിയുണ്ട്. ഇതിനു സമാനമായ നിരീക്ഷണം അടുത്തിടെ ഹിമാചൽ പ്രദേശ് ഹൈക്കോടതിയിൽ നിന്നുമുണ്ടായി. ഫേസ് ബുക്കിൽ പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 19 കാരനായ പ്രതി നൽകിയ ജാമ്യഹർജി തള്ളിയ ജസ്റ്റിസ് അനൂപ് ചിത്കരയാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ നവംബറിലാണ് 13 കാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിച്ചത്. അന്വേഷണത്തെത്തുടർന്ന് പ്രതിക്കൊപ്പം പെൺകുട്ടിയെ ഒരു ഹോട്ടലിൽ നിന്നു കണ്ടെത്തി പൊലീസ് കോടതിയിൽ ഹാജരാക്കി. വൈദ്യപരിശോധന നടത്തി പ്രതിക്കെതിരെ പീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാൾ നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വാദം കേട്ടത്. ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്നും ഫേസ് ബുക്കിൽ അക്കൗണ്ട് തുടങ്ങാൻ 18 വയസ് വേണമെന്നതിനാൽ പ്രായപൂർത്തിയായ വ്യക്തിയായിരിക്കുമെന്നാണ് താൻ കരുതിയതെന്നും ഹർജിക്കാരൻ വാദിച്ചു. ഇരയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പതിനെട്ടു വയസായെന്ന് പറയുന്നുമുണ്ട്. മാത്രമല്ല, ഇരയാണ് തനിക്കു ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതെന്നും ഇൗ അപേക്ഷ സ്വീകരിക്കുകയാണ് ചെയ്തതെന്നും പ്രതി വാദിച്ചു. പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഹർജിക്കാരൻ വിശദീകരിച്ചു. എന്നാൽ ഇൗ വാദങ്ങൾ ഹൈക്കോടതി തള്ളി. ഫേസ്ബുക്ക് നിയമാവലി പ്രകാരം 13 വയസെങ്കിലും പൂർത്തിയായവർക്ക് അക്കൗണ്ട് തുടങ്ങാനാവുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആ നിലയ്ക്ക് ഫേസ് ബുക്ക് അക്കൗണ്ടിന്റെ പേരിൽ പെൺകുട്ടിയുടെ മേൽ കുറ്റം ചുമത്താനാവില്ല. തന്റെ പ്രൊഫൈലിൽ 18 വയസായെന്ന് ഇര രേഖപ്പെടുത്തിയതിൽ അപാകതയില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. പൊതു ഇടമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ സജീവമാകുന്നവർ ഏറെയും തങ്ങളുടെ വ്യക്തിപരമായ വിവരങ്ങളും പ്രായവുമൊക്കെ രഹസ്യമാക്കി വയ്‌ക്കുകയാണ് പതിവ്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി തനിക്ക് 18 വയസായെന്ന് ഫേസ്ബുക്കിൽ കുറിച്ചത് വിശുദ്ധമായ സത്യമാണെന്ന് ധരിക്കേണ്ട കാര്യമില്ല. പെൺകുട്ടിയെ നേരിട്ടുകണ്ട പ്രതിക്ക് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് മനസിലാക്കാൻ കഴിയുമായിരുന്നു. ആ നിലയ്ക്ക് ഹർജിക്കാരന്റെ ഇത്തരം വാദങ്ങൾ സ്വീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഫ്രണ്ട് റിക്വസ്റ്റ്

ലൈംഗിക ബന്ധത്തിന്

അനുവാദമല്ല

എന്തിനാണ് ആളുകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് ? സുഹൃത്തുക്കളും കുടുംബവുമടക്കം നാലു ചുവരുകൾക്കുള്ളിലൊതുങ്ങുന്ന സൗഹൃദത്തിന്റെ ലോകം വിശാലമാക്കുന്നതിനാണ് ആളുകൾ ഫേസ് ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിൽ സജീവമാകുന്നതെന്ന് ഹൈക്കോടതി പറയുന്നു. ഒരേസമയം വിനോദവും വിജ്ഞാനവും പങ്കുവയ്‌ക്കുന്ന പ്ളാറ്റ് ഫോമെന്ന നിലയിൽ സോഷ്യൽ മീഡിയ സൈറ്റുകൾ ഏറെ ജനപ്രിയമാണ്. ഇവയുടെ ദുരുപയോഗത്തെക്കുറിച്ചു പരാതികൾ ഏറെയാണ്. എന്നാലും പുതിയ കാലത്ത്, സോഷ്യൽ മീഡിയയ്ക്ക് പുതിയ തലമുറയിൽ ഏറെ സ്വാധീനമുണ്ട് .പൊതു ഇടങ്ങളിൽ പെരുമാറുമ്പോൾ പാലിക്കുന്ന മാന്യത സോഷ്യൽ മീഡിയയിലും കാണിക്കണമെന്ന് ഹൈക്കോടതി ഒാർമ്മപ്പെടുത്തുന്നു. ഇന്ത്യയിൽ 290 മില്യൺ ആളുകൾക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെന്നാണ് യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ സോഷ്യൽ മീഡിയ ഫോർ യൂത്ത് ആൻഡ് സിവിൽ എൻഗേജ്മെന്റ് ഇൻ ഇന്ത്യ എന്ന റിപ്പോർട്ടിൽ പറയുന്നത്. ഇവരിൽ 190 മില്യൺ ആളുകൾ 15 - 29 പ്രായം വരുന്ന യുവാക്കളാണ്. യുവതലമുറയിൽ മിക്കവരും സോഷ്യൽ മീഡിയയിൽ സജീവമാണെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. യുവജനത ഫ്രണ്ട് റിക്വസ്റ്റുകൾ നൽകിയ സൗഹൃദ വലയം വിപുലപ്പെടുത്തുന്നതിനെ അസാധാരണമായി കാണാനാവില്ല. ഇവയൊക്കെ ലൈംഗിക പങ്കാളിയെ കണ്ടെത്താനുള്ള ശ്രമമാണെന്ന് വ്യാഖ്യാനിക്കരുത്. ഈ കേസിൽ ഇരയായ പെൺകുട്ടി പ്രതിക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു എന്നതിന് ലൈംഗിക ബന്ധത്തിന് അനുവാദം നൽകിയെന്ന് അർത്ഥമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.