
കൊച്ചി: തുടർച്ചയായ പെട്രോൾ, ഡീസൽ വിലവർദ്ധനവിനൊപ്പം പാചകവാതക വില വർദ്ധിപ്പിച്ചത് കുടുംബ ബഡ്‌ജറ്റിന്റെ താളം തെറ്റിക്കുന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 25 രൂപയാണ് വർദ്ധിപ്പിച്ചത്. സിലിണ്ടറിന്റെ വില 726 രൂപയിലെത്തി. കൊവിഡിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് വർദ്ധനവ് ആഘാതമായി. ഒരാളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾക്ക് മാസാവസാനം ഒന്നും മിച്ചം വയ്ക്കാനില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗസാധനങ്ങളുടെ വില കൂടി വർദ്ധിച്ചാൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാകും.
തകിടംമറിഞ്ഞ് കുടുംബ ബഡ്‌ജറ്റ്
ഉപ്പ് തൊട്ട് കർപ്പൂരം എന്ന കണക്കിൽ എല്ലാത്തിന്റെയും ചെലവുകൾ കൃത്യം കണക്കുകൂട്ടിയാണ് ഒരു സാധാരണ കുടുംബത്തിന്റെ മാസബഡ്‌ജറ്റ്. പ്രതീക്ഷിക്കാത്ത ചെലവുകൾ കടന്നുവന്നാൽ കണക്കുകൂട്ടൽ തെറ്റും. വിറകടുപ്പ് ഉപയോഗിക്കുന്ന വീടുകളിൽ ഒരു സിലിണ്ടർ ഒന്നര മാസം ഉപയോഗിക്കാം. പാചകത്തിന് ഗ്യാസ് തന്നെ ഉപയോഗിക്കുന്നവർക്ക് സിലിണ്ടർ ഒരു മാസത്തിനകം കാലിയായി അടുത്തത് വാങ്ങിക്കേണ്ടിവരും. സബ്സിഡി ലഭിച്ചിരുന്നത് വലിയൊരു ആശ്വാസമായിരുന്നു. ഇപ്പോൾ അതിലും വ്യക്തതയില്ല.
സ്ഥിതി മോശം
അടിക്കടി വർദ്ധിക്കുന്ന ഇന്ധനവില എന്നും തിരിച്ചടിയാണ്. മാസം 2000 രൂപ പെട്രോളിനായി ചെലവഴിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 3000 രൂപയിൽ കൂടുതൽ നൽക്കേണ്ട സ്ഥിതിയാണ്. ഇന്ധനവില വർദ്ധിക്കുന്നതിനൊപ്പം ഈ തുകയും വർദ്ധിക്കും. അതിനിടെ പെട്ടെന്നുള്ള പാചകവാതക വിലവർദ്ധനവ് ബഡ്‌ജറ്റ് പൊളിക്കുന്ന സ്ഥിതിയിലേക്കാണ് കൊണ്ടുപോകുന്നത്.
കരുണ തമ്പി, വീട്ടമ്മ
അധിക ചെലവ്
വീട്ടിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പാചകവാതകം. പെട്രോളിനും ഗ്യാസിനുമൊപ്പം മറ്റു ആവശ്യവസ്തുക്കൾക്കും വില വർദ്ധിക്കുന്നുണ്ട്. വിലവർദ്ധനവെല്ലാം കണക്ക് കൂട്ടി വരുമ്പോൾ മാസാവസാനം വലിയൊരു തുകയാണ് അധികചെലവ് വരുന്നത്. കൊവിഡിൽ മിക്ക സ്ഥാപനങ്ങളും ശമ്പളം പകുതിയായി കുറച്ചത് ഇതുവരെ വർദ്ധിപ്പിച്ചിട്ടില്ല. ഇതിനുപുറമെ ഇത്തരം വിലവർദ്ധനവ് താങ്ങാവുന്നതിലും അപ്പുറമാണ്.
രേവതി അരുൺ
സ്വകാര്യ സ്ഥാപന ജീവനക്കാരി
ചെറുകുടുംബത്തിന്റെ ചെലവുകൾ
പലചരക്ക്- 5000
ഇറച്ചി, മീൻ- 1500
പാൽ, പത്രം- 1700
കേബിൾ- 300
വെെദ്യുതി ബിൽ- 800
വാട്ടർ ബിൽ- 500
പെട്രോൾ,ഡീസൽ - 1500-2000
പാചകവാതകം- 750-780
സ്കൂൾ ഫീസ്, മറ്റു ചെലവുകൾ- 5000
ശരാശരി ചെലവുകൾ - 17,000 ത്തിന് മുകളിൽ
വരുമാനം- 20,000