
കൊച്ചി: സ്ഥിരവളർച്ചയും ഉത്പാദനത്തിൽ സ്വയംപര്യാപ്‌തതയും ഊർജിത നിക്ഷേപവുമുള്ള കേരളം സൃഷ്‌ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായരംഗത്ത് കേരളത്തെ മുൻനിര സംസ്ഥാനമായി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അമ്പലമുകളിൽ കിൻഫ്രയുടെ പെട്രൊകെമിക്കൽ പാർക്കിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിക്ഷേപത്തിന് തടസമില്ലെന്നും സംരംഭം നടത്തുക സുഗമമാണെന്നും നിക്ഷേപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വ്യവസായ സൗഹൃദമല്ല കേരളമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്.
നീതി ആയോഗിന്റെ ഇന്നൊവേഷൻസ് റിപ്പോർട്ട് പ്രകാരം ഏറ്റവും അനുകൂലമായ വ്യവസായസാഹചര്യമുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം. ആസൂത്രണ ബോർഡിന്റെ രാജ്യാന്തര സമ്മേളനത്തിൽ രത്തൻ ടാറ്റ, ആനന്ദ് മഹീന്ദ്ര തുടങ്ങിയ വ്യവസായപ്രമുഖർ കേരളത്തിലെ നിക്ഷേപരംഗത്തെ പ്രശംസിച്ചത് അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, എം. സ്വരാജ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര വളംനിർമാണശാലയായ ഫാക്ടിൽ നിന്നു സംസ്ഥാന സർക്കാർ ഏറ്റെടുത്ത 481.79 ഏക്കറിലാണ് പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നത്.