quarry
അനധികൃതമായി നടക്കുന്ന കരിങ്കൽ ഖനനം

കിഴക്കമ്പലം: പള്ളിക്കരക്കടുത്ത് പെരിങ്ങാല അധികാരമൂലയിൽ മണ്ണെടുപ്പിന്റെ മറവിൽ കരിങ്കല്ല് കടത്തുന്നു. ഇവിടെ നടക്കുന്ന അനധികൃത കരിങ്കല്ല് ഖനനത്തിനെതിരെ നടപടിയെടുക്കാതെ അധികൃതരുടെ ഒത്തുകളി. സ്വകാര്യ ഭൂമിയിലെ മണ്ണെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ ഒരേക്കറോളം വരുന്ന പ്രദേശത്തെ കരിങ്കൽ കൂട്ടമാണ് മാസങ്ങളായി സ്വകാര്യ വ്യക്തി അനധികൃതമായി പൊട്ടിച്ചെടുത്ത് വിൽക്കുന്നത്. നിയമങ്ങൾ കാ​റ്റിൽപ്പറത്തി നടക്കുന്ന ഖനനത്തിനെതിരെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് അധികൃതർ. ജനവാസ കേന്ദ്രത്തിനു സമീപം റോഡിനോടു ചേർന്ന് ക്വാറികളുടെതിന് സമാനമാണ് പ്രവർത്തനം. ഇലക്ട്രിക് കേപ്പുകൾ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്തി പൊട്ടിച്ചെടുക്കുന്ന കരിങ്കല്ല്, വലിയ ബ്രേക്കറും, ഹിറ്റാച്ചിയും ഉപയോഗിച്ചാണ് ടിപ്പറുകളിൽ കയ​റ്റുന്നത്. ഇതിന് കൃത്യമായ ലൈസൻസോ അനുമതിയോ ഇല്ലെന്ന് പകൽപോലെ വ്യക്തമാണെങ്കിലും ബന്ധപ്പെട്ട പഞ്ചായത്ത്, റവന്യു അധികൃതർ ഇവിടേയ്ക്കു തിരിഞ്ഞുപോലും നോക്കാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതരമായ പാരിസ്ഥിതി പ്രശ്‌നങ്ങൾക്കു കാരണമായ ഇതിനെതിരെ പ്രദേശവാസികൾ പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ പരാതിയും നൽകിയിട്ടുണ്ട്.