
കൊച്ചി:കള്ളപ്പണക്കേസിൽ അറസ്റ്റിലായ കടയ്ക്കൽ സ്വദേശിയും കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എ. റൗഫ് ഷെരീഫിന്റെ കസ്റ്റഡി ലക്‌നൗ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫെബ്രുവരി 12നു വിധി പറയാൻ മാറ്റി. റൗഫ് നൽകിയ ജാമ്യാപേക്ഷയിലും അന്നു വിധി പറയും.റൗഫ് ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്.
യു.പിയിലെ ഹാഥ്‌രാസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ചുട്ടുകൊന്ന സംഭവത്തെത്തുടർന്ന് അവിടേക്ക് പോയ കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ നാലുപേരെ യു.പി. പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് റൗഫ് ഷെരീഫിനെ ഡിസംബർ 12ന് ഇ.ഡി അറസ്റ്റ് ചെയ്തത്. അതീക്വർ റഹ്മാൻ, മസൂദ് അഹമ്മദ്, ആലം, മാദ്ധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ എന്നിവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
യു.പി പൊലീസിനു കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് റൗഫ് ഷെരീഫ് നൽകിയ ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.