കൊച്ചി : ന്യൂസിലാൻഡിലെ മൂന്ന് എലൈറ്റ് സർവകലാശാലകളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് പ്രവേശനം നേടാൻ കഴിയുന്ന പുതിയ അന്താരാഷ്ട്ര വിദ്യാഭ്യാസ പദ്ധതിക്ക് ഇന്ന് തുടക്കമാവും. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ (ഓട്ടോണമസ് ) നേതൃത്വത്തിൽ കേരളം, കർണാടക എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്നാണ് ഫൗണ്ടേഷൻ പ്രിപ്പറേഷൻ പാത്വോ( എഫ് .പി. പി ) പദ്ധതി നടപ്പിലാക്കുന്നതെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും നിലവിൽ മികച്ച അക്കാഡമിക് റെക്കാഡുള്ള 11,12 ക്ലാസിൽ പഠിക്കുന്നവർക്കും ഇതിൽ ചേരാവുന്നതാണ് . ഫൗണ്ടേഷൻ കോഴ്സ് പോലെയായതിനാൽ എഫ് .പി .പി പ്രോഗ്രാമിലെ വിജയികൾക്ക് ഒരു വർഷം മുന്നേ ന്യൂസിലാൻഡ് യൂണിവേഴ്‌സിറ്റി ബിരുദം നേടാൻ സാധിക്കും. മൂന്ന് വർഷത്തേക്ക് പഠനത്തിനും തൊഴിലിനുമുള്ള വിസക്ക് അപേക്ഷിക്കാനും കഴിയുമെന്ന് അവർ അറിയിച്ചു. ഇന്ന് രാവിലെ 11 ന് പരിപാടിയുടെ ഉദ്ഘാടനം നടക്കും.പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ലോഗോ പ്രകാശനം നടി നിരഞ്ജന നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ ലിസി മാത്യു, സോന തോമസ്,ഡോ ജിഷ ജോൺ, ഡോ ഡാലി പൗലോസ് എന്നിവർ പങ്കെടുത്തു.