mulavoor
മുളവൂർ തോട്ടിലെ വെള്ളം മാലിന്യം കലർന്ന നിലയിൽ

മൂവാറ്റുപുഴ: മുളവൂർ തോട്ടിലേക്ക് പാറമട മാലിന്യം ഒഴുക്കി. പാറമട മാലിന്യം എത്തിയതോടെ തോട് വീണ്ടും മാലിന്യവാഹിനിയായി മാറി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മാലിന്യമൊഴുക്കൽ നിറുത്തിയിരുന്നു.എന്നാൽ കഴിഞ്ഞദിവസങ്ങളിൽ പാറമണൽ കഴുകിയ വെള്ളം തോട്ടിലേക്ക് ഒഴുക്കി വിടുകയായിരുന്നു.

പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസുകളിലൊന്നായ മുളവൂർ തോട് മാലിന്യനിക്ഷേപവും അനധികൃത കൈയേറ്റവും മൂലം ഇന്ന് നാശത്തിന്റെ വക്കിലാണ്. പഞ്ചായത്തിലൂടെ കടന്നപോകുന്ന പെരിയാർവാലി കനാലുകളിൽ നിന്നുള്ള വെള്ളം തോട്ടിലേയ്ക്ക് ഒഴുകുന്നതിനാൽ കടുത്ത വേനലിലും തോട് ജലസമൃദ്ധമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തോടിലെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ച് തുടങ്ങിയതോടെയാണ് മലിനജലം ഒഴുക്കുന്നത് നാട്ടുകാർ കണ്ടെത്തിയത്.

 കടുത്തവേനലിലും ജലസമൃദ്ധം

നൂറുകണക്കിന് ആളുകൾ കുളിക്കുന്നതിനും കൃഷിക്കും ഉപയോഗിക്കുന്ന മുളവൂർ തോട് കടുത്തവേനലിലും ജലസമൃദ്ധമാണ്. വേനൽ കനക്കുന്നതോടെ തോട് വറ്റി വരളുമെങ്കിലും പെരിയാർ വാലി കനാലുകളിൽ വെള്ളമെത്തുന്നതോടെ തോട് ജലസമൃദ്ധമാകുകയും ചെയ്യും. നിരവധി കുടിവെള്ളപദ്ധതികളും തോടിനെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. വേനൽ ആരംഭിച്ചതോടെ പ്രദേശവാസികൾ കുളിക്കുന്നതിനും അലക്കുന്നതിനും മൃഗങ്ങളെ കുളിപ്പിക്കുന്നതിനും കൃഷിയാവശ്യത്തിനും മുളവൂർ തോടിനെയാണ് ആശ്രയിക്കുന്നത്. തോട്ടിൽ മാലിന്യം നിറയുന്നതോടെ പ്രദേശവാസികളുടെ ദുരിതജീവിതം ആരംഭിക്കുകയും ചെയ്യും.